മഹാപ്രതിഭകളുടെ സംഗമം, ചരിത്രം തിരുത്താന്‍ 'പ്രാണ' ഒരുങ്ങുന്നു

Update: 2018-06-03 10:03 GMT
Editor : Jaisy
മഹാപ്രതിഭകളുടെ സംഗമം, ചരിത്രം തിരുത്താന്‍ 'പ്രാണ' ഒരുങ്ങുന്നു

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേ സമയം ചിത്രീകരിക്കുന്നത്

ഇന്ത്യന്‍ സിനിമാ ചരിത്രം തിരുത്തിക്കുറിക്കാന്‍ ബഹുഭാഷ ചിത്രമായ ‘പ്രാണ’ ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭകളാണ് പ്രാണക്കായി ഒന്നിക്കുന്നത്. വി.കെ.പ്രകാശാണ് സംവിധായകന്‍. പി.സി.ശ്രീറാം, റസൂല്‍ പൂക്കുട്ടി, ലൂയിസ് ബാങ്ക്‌സ് എന്നിവര്‍ ഒന്നിക്കുന്ന, നിത്യ മേനന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഈ ബഹുഭാഷാ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ,ദൃശ്യാനുഭവം സമ്മാനിക്കും.

ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യന്‍ സിനിമാ ഛായാഗ്രഹണത്തിന്റെ ഗുരു എന്നറിയപ്പെടുന്ന പി.സി.ശ്രീറാമാണ്. ഒരിടവേളക്ക് ശേഷം പി.സി.ശ്രീറാം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പ്രാണ’. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമന്‍. ഇന്ത്യയില്‍ ആദ്യമായി സിന്‍ക് സൗണ്ട് സറൌണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ സുരേഷ് രാജ്, തേജി മണമേല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, എഡിറ്റര്‍ സുനില്‍ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്റ്റേഷനില്‍ നടക്കുന്ന ഒരു ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പീരുമേട്ടില്‍ ആരംഭിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News