സത്യനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; നായകന്‍ ഫഹദ് 

Update: 2018-06-03 02:05 GMT
സത്യനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; നായകന്‍ ഫഹദ് 

മലയാളി എന്ന പേരിട്ട ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്.

നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടായ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. മലയാളി എന്ന പേരിട്ട ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജുലൈ ആദ്യ വാരം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാറാണ്. ഷാന്‍‌ റഹ്മാന്‍റെതാണ് സംഗീതം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്ത ജോമോന്‍റെ സുവിശേഷങ്ങള്‍ ആണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അവസാന ചിത്രം. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് അവസാനമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒരുമിച്ചത്.

Advertising
Advertising

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ് വായിക്കാം..

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
"എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്" ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
"കഥ കിട്ടി"
ശ്രീനി പറഞ്ഞു.
"കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ."
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

"നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ."
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

'മലയാളി' എന്നാണ് സിനിമയുടെ പേര്.

Similar News