'നാം' തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍
പ്രേക്ഷകരെത്തുന്ന സമയത്ത് സിനിമക്ക് ഷോ ടൈം ലഭിക്കാത്തതാണ് ഇതിനു കാരണമായി സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നത്.
ജോഷി തോമസ് പള്ളിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ 'നാം' റിലീസ് ചെയ്ത് ഒരാഴ്ച മാത്രം പിന്നിടുമ്പോള്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍. പ്രേക്ഷകരെത്തുന്ന സമയത്ത് സിനിമക്ക് ഷോ ടൈം ലഭിക്കാത്തതാണ് ഇതിനു കാരണമായി സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞയാഴ്ചയാണ് 'നാം' തിയേറ്ററുകളിലെത്തിയത്. മോശമല്ലാത്ത പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന് സംവിധായകന്‍ തോമസ് പള്ളിക്കല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. 'നാം' എന്ന ഞങ്ങളുടെ സിനിമ കാണുകയും ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. സിനിമ കാണാത്ത ചില വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ പരീക്ഷയും കോളജ് അവധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു. പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം- പലര്‍ക്കും ജോലി കഴിഞ്ഞോ, കുടുംബത്തെ കൂട്ടി പോകാനോ പറ്റുന്ന ഈ സിനിമക്ക് പ്രദര്‍ശന സമയം ലഭിച്ചില്ല. പക്ഷെ 'നാം' റിലീസ് തീരുമാനിച്ചപ്പോള്‍ അന്നൊരു ഫിലിമും ഈ ഡേറ്റില്‍ ഇല്ലായിരുന്നു. മുമ്പിറങ്ങിയ ചില ചിത്രങ്ങള്‍ നല്ല രീതിയില്‍ ഓടുന്നതിനാല്‍ ചിലയിടങ്ങളില്‍ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല. ആയതിനാല്‍ നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാന്‍ ഞങ്ങള്‍ വീണ്ടും എത്തിച്ചേരുമെന്നും അറിയിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.