ഷാരൂഖ് ചിത്രം റഹീസ് പ്രദര്‍ശിപ്പിക്കരുതെന്ന് ശിവസേനയുടെ ഭീഷണി

Update: 2018-06-04 17:39 GMT
Editor : Sithara
ഷാരൂഖ് ചിത്രം റഹീസ് പ്രദര്‍ശിപ്പിക്കരുതെന്ന് ശിവസേനയുടെ ഭീഷണി
Advertising

ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് കത്തില്‍ പറയുന്നു.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റഹീസ് പ്രദര്‍ശിപ്പിക്കരുതെന്ന് ശിവസേനയുടെ ഭീഷണി. ഛത്തീസ്ഗഡിലാണ് സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് കാണിച്ച് തിയേറ്റര്‍ ഉടമകള്‍ക്ക് ശിവസേന കത്ത് നല്‍കിയത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.

ബോളിവുഡിലെ പ്രമുഖ വിതരണക്കാരനായ അക്ഷയ് റാതിയാണ് ശിവസേനയുടെ ഭീഷണിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടത്തരുതെന്നാണ് ഛത്തീസ്ഗഡ് ശിവസേന തിയേറ്ററുകള്‍ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം. ദേശദ്രോഹിയുടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഛത്തീസ്ഗഡിലെ ശിവസേന തലവന്‍ രാകേഷ് ഷിന്‍ഡെയാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

സിനിമക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സിനിമയിലെ നായികയായെത്തുന്നത് പാകിസ്താന്‍ താരം മാഹിറ ഖാനാണ്. ഇതാണ് ശിവസേനയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ശിവസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ സമീപിക്കാനാണ് വിതരണക്കാരുടെ തീരുമാനം.

രാഹുല്‍ ദോലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയും പ്രമുഖ റോളിലെത്തുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News