മാധവിക്കുട്ടി മഞ്ജുവിലൂടെ പുനര്‍ജനിക്കുമ്പോള്‍..

Update: 2018-06-04 23:04 GMT
Editor : Sithara
മാധവിക്കുട്ടി മഞ്ജുവിലൂടെ പുനര്‍ജനിക്കുമ്പോള്‍..

പുന്നയൂര്‍കുളത്തെ പുതുമണ്ണില്‍ പൂക്കാനും തളിര്‍ക്കാനും കൊതിച്ച നീര്‍മാതളമായിരുന്നു മാധവിക്കുട്ടി

മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. മാധവിക്കുട്ടി മഞ്ജു വാര്യരിലൂടെ വെള്ളിത്തിരയില്‍ പുനര്‍ജ്ജനിക്കുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്

പുന്നയൂര്‍കുളത്തെ പുതുമണ്ണില്‍ പൂക്കാനും തളിര്‍ക്കാനും കൊതിച്ച നീര്‍മാതളമായിരുന്നു മാധവിക്കുട്ടി. ആ നാട്ടുപച്ചയില്‍ നിന്ന് നൈസര്‍ഗികമായ സ്ത്രൈണ ഭാവനകളിലൂടെ മലയാളി മനസുകളിലേക്ക് അവര്‍ സ്നേഹ തീര്‍ത്ഥാടനം നടത്തി. മനുഷ്യവികാരങ്ങളെ അനശ്വരമാക്കി അവരെഴുതിയത് ഓരോന്നും അനുവാചക ഹൃദയത്തില്‍ രക്തവാചകങ്ങളായി. കമലിന്‍റെ തൂലികയിലൂടെ ക്യാമറക്കണ്ണിലൂടെ മലയാളത്തിന്‍റെ ആമി പിന്നെയും പ്രണയം പറയുന്നു.

Advertising
Advertising

"മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്ന് വരും. പക്ഷെ വികാരത്തിന്‍റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്ത് കൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്‍റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്".

മാധവിക്കുട്ടിക്ക് പറയാനും എഴുതാനും ഉണ്ടായിരുന്നതെല്ലാം പ്രണയത്തെ കുറിച്ചായിരുന്നു. മനുഷ്യമനസിന്‍റെ ചെറുവികാരങ്ങളെ പോലും അപഗ്രഥിച്ചറിയാന്‍ കഴിഞ്ഞ എഴുത്തുകാരി, ഒരു തത്വനിരീക്ഷകയെ പോലെ പലപ്പോഴും മലയാളി ജീവിതത്തിന് മുന്നില്‍ തെളിഞ്ഞു. കാല്‍പനികതയുടെ കാലത്തേ എഴുതി തുടങ്ങിയെങ്കിലും ആധുനികതയിലും ഉത്തരാധുനികതയിലും അവര്‍ പതറാതെ നിന്നു. സാഹിത്യബാഹ്യമായ ഇടപെടല്‍ കൊണ്ടല്ല, എഴുത്തൊന്നുകൊണ്ട് മാത്രമാണ് അവര്‍ സമകാലികയായത്. മനുഷ്യാവസ്ഥകളെ കുറിച്ച് സംസാരിച്ചത്. അതുകൊണ്ടുതന്നെ മാധവിക്കുട്ടി വിഷയമാകുന്ന ഏതൊരു കലാചിന്തയും അങ്ങേയറ്റം കാലികപ്രസക്തമാകുന്നു.

കമലിന്‍റെ ക്യാമറകള്‍ പുന്നയൂര്‍കുളത്തെ പുതുമഴ കാണട്ടെ. എഴുത്തിന്‍റെ തൂലിക ആ തൊടികളെ അറിയട്ടെ. ആ സര്‍ഗ്ഗജീവിതത്തിന്‍റെ നമുക്കിനിയും അറിയാത്ത വയല്‍വരമ്പുകളിലൂടെ മഞ്ജുവിന്‍റെ കാല്‍പാദങ്ങള്‍ ചലിക്കട്ടെ. അതുകാണാനും അനുഭവിക്കാനുമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News