ദേവയാനി വീണ്ടും മലയാളത്തിലേക്ക്
മൈ സ്കൂള്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവയാനിയാണ്
90 കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മുഖമായിരുന്നു ദേവയാനി. തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി,ബംഗാളി ഭാഷകളില്‍ കൂടാതെ മലയാളത്തിലും അവര്‍ തിളങ്ങിയിരുന്നു. ഒരിടവേളക്ക് ശേഷം ദേവയാനി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പപ്പന്‍ പായാട്ടുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂള്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവയാനിയാണ്. ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ മഹാലക്ഷ്മിയെയാണ് ദേവയാനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികളെ ഏറെ സ്നേഹിക്കുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കുന്ന അധ്യാപികയാണ് മഹാലക്ഷ്മി. രഞ്ജിത്, മധു, സോന നായര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുള്ള ദേവയാനിക്ക് ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാതല്‍ കോട്ടൈ, സൂര്യ വംശം, ഭാരതി എന്നിവയാണ് ദേവയാനിയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ദേവയാനി മോഹന്‍ലാല്, മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുണ്ട്. ത്രീമെന്‍ ആര്‍മി, ബാലേട്ടന്‍,മഹാത്മാ, മിസ്റ്റര്‍ ക്ലീന്‍, സുന്ദരപുരുഷന്‍ എന്നിവയാണ് ദേവയാനിയുടെ പ്രധാന മലയാള ചിത്രങ്ങള്‍. 2011ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ കോളനി ആണ് ദേവയാനി ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. കുറച്ചു നാള്‍ അഭിനയത്തിന് ഇടവേള നല്‍കിയ ദേവയാനി ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയുടെ റോളിലുമെത്തിയിട്ടുണ്ട്.