മമ്മൂക്ക വിളിച്ചു സംസാരിച്ചു. ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതുസാഹചര്യങ്ങളും നേരിടാന്‍
തന്റെ ഫാന്‍സിന്റെ രോഷപ്രകടനത്തിന് ഇരയായ നടി അന്ന രാജനെ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചു. അന്ന രാജന്‍ തന്നെയാണ് മമ്മൂട്ടി വിളിച്ച കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മമ്മൂക്ക വിളിച്ചു. സംസാരിച്ചു. ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതുസാഹചര്യങ്ങളും നേരിടാന്‍ എന്ന വാക്കുകളിലൂടെയാണ് അന്ന രാജന്‍ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന ഒരു ചാനല്‍ പരിപാടിയിലെ തമാശ ചോദ്യത്തിന് ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ ഫാന്‍സ് കടുത്ത ആക്രമണം നടത്തി. ഫാന്‍സിനോട് മാപ്പ് ചോദിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.
നടിക്ക് സമൂഹ മാധ്യമങ്ങളില്‍ പിന്തുണയേറിയിരുന്നു. ആഷിഖ് അബു, റിമ കല്ലിങ്കല്‍, വിടി ബല്‍റാം എന്നിവര്‍ ഫാന്‍സുകാരുടെ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.
അന്ന രാജന്റെ ഫേസ്ബുക്ക് പോസ്റ്റ്,
മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.
മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും... ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി
Full View