ഈമയൌ, ആഭാസം ഉള്‍പ്പെടെ ആറ് സിനിമകള്‍ നാളെ തിയറ്ററുകളിലേക്ക്

Update: 2018-06-05 00:05 GMT
ഈമയൌ, ആഭാസം ഉള്‍പ്പെടെ ആറ് സിനിമകള്‍ നാളെ തിയറ്ററുകളിലേക്ക്

നാല് ഭാഷകളിൽ നിന്നായി ആറ് സിനിമകൾ വെള്ളിയാഴ്ച റിലീസ് ചെയ്യും.

നാല് ഭാഷകളിൽ നിന്നായി ആറ് സിനിമകൾ വെള്ളിയാഴ്ച റിലീസ് ചെയ്യും. മലയാളത്തിൽ നിന്ന് ഈമയൌ, ആഭാസം എന്നീ ചിത്രങ്ങളും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ - ഋഷി കപൂർ ടീമിന്റെ 102 നോട്ട് ഔട്ടും രാജ്ക‌ുമാർ റാവുവിന്റെ ഒമേർട്ടയും ആണ് വരുന്നത്. അല്ലു അർജുൻ ചിത്രവും നാളെയെത്തും.

മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ തിളക്കവുമായാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൌ റിലീസിനെത്തുന്നത്. വാവച്ചൻ മേസ്തിരി എന്നയാളുടെ മരണവും സംസ്കാരവും ആണ് പ്രമേയം. വിനായകന്‍, ചെമ്പൻ വിനോദ്, പൌളി വത്സൻ, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. എറണാകുളത്തെ തീരദേശ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ഈമയൌവിന്‍റെ രചന നിർവഹിച്ചത് പി എഫ് മാത്യൂസ് ആണ്. ഷൈജു ഖാലിദിന്റേതാണ് ക്യാമറ.

Advertising
Advertising

സാമൂഹിക വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ആഭാസം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ജുബിത് നമ്രദത്ത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ്, നാസർ തുടങ്ങി മികച്ച അഭിനേതാക്കളുടെ നിര തന്നെയുണ്ട് ചിത്രത്തിൽ. സിനിമക്കായി ഊരാളി ബാൻഡ് ഒരുക്കിയ ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

27 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചൻ - ഋഷി കപൂർ ടീം ഒരുമിക്കുന്ന 102, ഗുജറാത്തി നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ്. 102 വയസുള്ള വൃദ്ധന്റെയും അയാളുടെ 75 വയസുള്ള മകന്റെയും കഥ പറയുന്നു. ഉമേഷ് ശുക്ലയാണ് സംവിധായകൻ. പാക് തീവ്രവാദി അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന്റെ കഥയാണ് രാജ്കുമാർ റാവുവിന്റെ ഒമേർട്ട പറയുന്നത്. ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രം വോൾസ്ട്രീറ്റ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിന്റെ കൊലപാതകവും ചർച്ച ചെയ്യുന്നുണ്ട്.

ഹൊറർ ചിത്രം ഇരുട്ട് അറയിൽ മുരട്ടു കുത്തു ആണ് തമിഴിൽ നിന്ന് വരുന്നത്. സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഗൌതം കാർത്തികും വൈഭവിയുമാണ് പ്രധാന വേഷങ്ങളിൽ. അല്ലു അർജുന്‍ ചിത്രം നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ ആണ് തെലുഗുവിൽ നിന്ന് എത്തുന്നത്. സൂര്യ എന്ന സൈനികന്റെ വേഷമാണ് ചിത്രത്തിൽ അല്ലു അര്‍ജുനന്. മലയാളി അനു ഇമ്മാനുവൽ ആണ് നായിക. സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളും വെള്ളിയാഴ്ച റിലീസിനെത്തുന്നുണ്ട്.

Similar News