നമ്മുടെ പിന്നാലെ ആരോ ഉണ്ട് സാറെ..നീരാളിയുടെ സസ്പെന്‍സ് നിറഞ്ഞ ട്രെയിലര്‍
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ഒരുക്കുന്ന നീരാളി നിര്‍മ്മിക്കുന്നത് സന്തോഷ് ടി.കുരുവിളയാണ്
അടിമുടി സസ്പെന്‍സ് നിറച്ച രംഗങ്ങളുമായി നീരാളിയുടെ ട്രയിലര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ട്രയിലര്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് നീരാളിയുടെ സംവിധാനം. മൂൺഷോട്ട് എന്റർന്റെയിൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബാംഗ്ലൂർ ആസ്ഥാനമായ "സ്റ്റാർ ടർട്ടിൽ "എന്ന ഡയമണ്ട് ബിസിനസ് കമ്പനിയിലെ പ്രധാന ജെമോളജിസ്റ്റാണ് സണ്ണി ജോർജ്ജ് . രത്നങ്ങളെ കുറിച്ചുള്ള പഠനത്തിലുംഅതിന്റെ രൂപകൽപ്പനയിലും അഗ്രഗണ്യനായ യഥാർത്ഥ പ്രൊഫഷണലാണ് മോഹൻലാൽ അവതരിപ്പിയ്ക്കുന്ന ഈ നായക കഥാപാത്രം . കമ്പനിയിലെ തന്നെ ഇഷ്ട വ്യക്തിത്വമായ സണ്ണിയ്ക്ക് അവിടെയും ആരാധകരും സുഹൃത്തുക്കളും ധാരാളം.
വ്യക്തി ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമായ സണ്ണിയും ആ കമ്പനിയിൽ തന്നെയുള്ള സുഹൃത്തും ഡ്രൈവറുമായ വീരപ്പയുമായ് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ഒരു യാത്ര പുറപ്പെടുന്നു . വീരപ്പയായ് എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ് ,വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് വീരപ്പയുടെയും സണ്ണിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തിൽ അവർ ഒരുമിച്ച് നടത്തുന്ന യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന അവിചാരിത സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം .
സണ്ണിയുടെ ഭാര്യ മോളിക്കുട്ടിയായി എത്തുന്നത് നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം നദിയയും മോഹൻലാലും ജോഡികളായെത്തുന്നു എന്ന പ്രത്യേകതയും നീരാളി എന്ന സിനിമയ്ക്കുണ്ട് . പാർവതി നായർ നൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ ,നാസർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
നവാഗതനായ സാജു തോമസിന്റേതാണ് തിരക്കഥയും സംഭാഷണവും. ക്യാമറ സന്തോഷ് തുണ്ടിയിൽ ,ആക്ഷൻ ഡയറക്ടർ സുനിൽ റോഡ്രിഗ്സ് , ആർട്ട് ഡയറക്ടർ ഉദയ് പ്രകാശ് സിങ്ങ് ,സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ മേക് അപ് സെറീന ടിക്സിയേറാ തുടങ്ങിയ ബോളിവുഡ് സങ്കേതിക വിദഗ്ധർ ,നീരാളി എന്ന " അഡ്വഞ്ചർ ത്രില്ലർ "ചിത്രത്തിനു വേണ്ടി അണി നിരക്കുന്നു. പ്രമുഖ സ്റ്റുഡിയോ ആഫ്റ്റർ ആണ് കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്യുന്നത് .അജോയ് വർമ്മയും സജിത് ഉണ്ണിക്കൃഷ്ണനുമാണ് എഡിറ്റിംഗ് . സ്റ്റീഫൻ ദേവസി സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു .ഗാന രചന റഫീക്ക് അഹമ്മദ് ,സന്തോഷ് വർമ്മ , പി.ടി ബിനു .സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാല് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
സന്ദീപ് നാരായണൻ ,അരുൺ സി.തമ്പി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സും വിനോദ് ഉണ്ണിത്താൻ ലൈൻ പ്രൊഡ്യൂസറുമാണ് . ചിത്രം ജൂൺ 14ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും.