സ്വഭാവ നടന്‍, വില്ലന്‍, ഹാസ്യതാരം.. ക്യാപ്റ്റന്‍ അരങ്ങൊഴിഞ്ഞത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് 

ദാസനേയും വിജയനേയും കൊല്ലാന്‍ വന്ന ആറടിയിലധികം നീളവും ഒത്തവണ്ണവുമുള്ള വാടകക്കൊലയാളി. പക്ഷെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചാണ് പവനായി മടങ്ങിയത്.

Update: 2018-09-17 08:18 GMT

മലയാള സിനിമയുടെ കൂടി ക്യാപ്റ്റനായിരുന്നു ഡാനിയല്‍ രാജു എന്ന നടന്‍. പട്ടാള ജീവിതത്തിന് ശേഷം സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം ഒരുപിടി നല്ല കഥാപാത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്.

പവനായി എന്ന വില്ലനെ മലയാളികള്‍ ഒരു കാലത്തും മറക്കില്ല. ദാസനേയും വിജയനേയും കൊല്ലാന്‍ വന്ന ആറടിയിലധികം നീളവും ഒത്തവണ്ണവുമുള്ള വാടകക്കൊലയാളി. പക്ഷെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചാണ് പവനായി മടങ്ങിയത്. ഇതുപോലെ ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമക്ക് സംഭാവന നല്‍കിയാണ് ക്യാപ്റ്റന്‍ അരങ്ങൊഴിയുന്നത്.

21ആം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം മുംബൈയില്‍ അമേച്വര്‍ നാടകവേദികളില്‍ സജീവ സാന്നിധ്യമായി. ഇക്കാലത്താണ് സംവിധായകന്‍ ജോഷി രക്തം എന്ന സിനിമയിലൂടെ ക്യാപ്റ്റനെ മലയാള സിനിമയിലെത്തിക്കുന്നത്. നടി ശ്രീവിദ്യയാണ് ക്യാപ്റ്റന്‍ രാജുവിനെ ജോഷിക്ക് പരിചയപ്പെടുത്തുന്നത്. പിന്നീടുള്ള കാലം മലയാള സിനിമയിലെ നിത്യസാനിധ്യമായിരുന്നു ക്യാപ്റ്റന്‍ രാജു. സ്വഭാവ നടന്‍, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.

അതിരാത്രം, ആവനാഴി, നാടോടിക്കാറ്റ്, ഓഗസ്റ്റ്1, കാബൂളിവാല, ഉദയപുരം സുല്‍ത്താന്‍, സിഐഡി മൂസ എന്നിങ്ങനെ ക്യാപ്റ്റനെന്ന നടനെ അടയാളപ്പെടുത്തിയ 500ലധികം ചിത്രങ്ങൾ. അതില്‍ തമിഴും തെലുങ്കും കന്നടയും ഹിന്ദിയും എല്ലാം പെടുന്നു. ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. പ്രമീളയാണ് ഭാര്യ. മകന്‍ രവി രാജ്.

Tags:    

Similar News