ഗജ ചുഴലിക്കാറ്റ്: തമിഴ്നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

വെറുതെ അരിയും പച്ചക്കറിയും വിതരണം ചെയ്യുക മാത്രമല്ല, ജനങ്ങള്‍ക്ക് ഇനിയെന്താണ് ആവശ്യമെന്ന് ചോദിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

Update: 2018-11-30 10:19 GMT

ഗജ ചുഴലിക്കാറ്റ് തമിഴ്നാടിന് വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കിയും തമിഴ്മക്കള്‍ക്ക് സഹായ ഹസ്തം നീട്ടിയും സന്തോഷ് പണ്ഡിറ്റ്. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സഹായവുമായി തമിഴ്‌നാട്ടുകാര്‍ എത്തിയത് താന്‍ നേരിട്ട് കണ്ടതാണെന്നും ഇപ്പോള്‍ പ്രകൃതി ദുരന്തം നാശം വിതച്ച തമിഴ്‌നാടിനെ സഹായിക്കേണ്ടത് അതുകൊണ്ടുതന്നെ നമ്മുടെ ബാധ്യതയാണെന്നും പണ്ഡിറ്റ് പറയുന്നു.

ഗജയുടെ കെടുതികള്‍ വ്യക്തമാക്കുന്ന തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഗ്രാമവാസികള്‍ക്ക് സഹായം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, പുതുകോട്ടൈ ഭാഗങ്ങളിലാണ് പണ്ഡിറ്റ് സഹായമെത്തിച്ചിരിക്കുന്നത്.

Advertising
Advertising

അവിടെ ഇപ്പോഴുമുള്ള ശക്തമായ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പല ഉള്‍ഗ്രാമങ്ങളിലും എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും പലരുടെയും കുടിലുകളും കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ടെന്നും പറയുന്ന പണ്ഡിറ്റ്, ഗജയുടെ യഥാര്‍ത്ഥ ദുരിതം മലയാളികളെ അറിയിക്കാന്‍ തന്റെ വീഡിയോയിലൂടെ ശ്രമിക്കുന്നുണ്ട്.

Dear facebook family, എന്ടെ തമിഴ്നാട് പര്യടനം തുടരുന്നു.."ഗജ" ചുഴലികാറ്റ് വ൯ തോതില് നാശം...

Posted by Santhosh Pandit on Thursday, November 29, 2018

വെറുതെ അരിയും പച്ചക്കറിയും വിതരണം ചെയ്യുക മാത്രമല്ല, ജനങ്ങള്‍ക്ക് ഇനിയെന്താണ് ആവശ്യമെന്ന് ചോദിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ചിലര്‍ കുട്ടികളുടെ നോട്ട്ബുക്കുകളൊക്കെ നനഞ്ഞ് നഷ്ടമായെന്നും നോട്ടുബുക്കുകള്‍ കിട്ടിയാല്‍ ഉപകാരപ്പെടുമെന്നും അറിയിക്കുന്നുണ്ട്.

ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള പാവപ്പെട്ടവര്‍ക്കാണ് താന്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്നതെന്നും, സഹായമാവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ തന്റെ കമന്‍റ് ബോക്സില്‍ അറിയിക്കണമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

Tags:    

Similar News