തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേണം, പിണറായി ആദര്‍ശധീരന്‍: സത്യരാജ്
തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ചലച്ചിത്ര താരങ്ങളുടെ വരവിനെയും സത്യരാജ് രൂക്ഷമായി വിമര്‍ശിച്ചു.
തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സത്യരാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണ്. 95 വയസ്സുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ സിനിമാക്കാരേക്കാള്‍ വലിയവരാണെന്നും സത്യരാജ് പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ചലച്ചിത്ര താരങ്ങളുടെ വരവിനെയും സത്യരാജ് രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയാവുക എന്നതുമാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം. അതിനായി രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്ന ഉദ്ദേശ്യമേയില്ല എന്നും സത്യരാജ് വിമര്‍ശിച്ചു.
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് തമിഴ്‌നാട്ടില്‍ ഇനി സിനിമാതാരം മുഖ്യമന്ത്രിയാകില്ലെന്ന് സത്യരാജ് പറഞ്ഞു. 41 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്നും സത്യരാജ് വിശദമാക്കി. പുതിയ ചിത്രമായ കനായുടെ പ്രചരണത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു സത്യരാജിന്‍റെ പ്രതികരണം.