ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‍ക്കെതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹമോചന ഹരജിയാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്നലെയാണ് സംഗീത ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ ഹരജി സമർപ്പിച്ചത്. താരത്തിന്‍റെ വിവാഹേതര ബന്ധമാണ് 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ സംഗീത തീരുമാനിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
തമിഴിലെ പ്രമുഖ നടിയുമായി വിജയ്ക്ക് 2021 മുതൽ ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ലംഘിച്ചുവെന്നും സംഗീത ആരോപിക്കുന്നു. വിജയ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 20ന് വിജയിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
വിവാഹമോചന വാർത്തകൾക്കിടെ ഭാര്യ സംഗീതയെക്കുറിച്ച് വിജയ് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. 2022ൽ സൺ ടിവിയിൽ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംഗീതയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. '' അവൾ എന്നെ വളരെ കണിശമായി നിരീക്ഷിക്കാറുണ്ട് . എന്‍റെ ഏറ്റവും വലിയ വിമർശകയും അവൾ തന്നെയാണ്'' എന്നാണ് പറഞ്ഞത്.
തന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ സംഗീത പുലർത്തുന്ന ശ്രദ്ധയെക്കുറിച്ചാണ് അന്ന് വിജയ് ഇത് പറഞ്ഞതെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ ആരാധകർ ഇതിനെ മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത്. വിജയ് മറ്റാരുടെയും വാക്കുകൾ അത്ര കേൾക്കാറില്ലെങ്കിലും സംഗീതയുടെ അഭിപ്രായങ്ങളെ വളരെയധികം മാനിക്കാറുണ്ടെന്നാണ് വിജയിന്‍റെ പിതാവ് എസ്.എ. ചന്ദ്രശേഖറും പണ്ട് ഒരഭിമുഖത്തിൽ പറഞ്ഞത്.
'തിരിച്ചുപിടിക്കാനാവാത്ത വിധം തകര്‍ന്നു' എന്നാണ് സംഗീത വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞത്. പൂവേ ഉനക്കാക എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വിജയ് ഒരു താരമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിൽ 1996ലാണ് വിജയും സംഗീതയും കണ്ടുമുട്ടുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളാണ് സംഗീത. സിനിമകളിലൂടെ വിജയിനോട് ആരാധന തോന്നിയ സംഗീത ഒരിക്കൽ വിജയിനെ കാണാൻ ചെന്നൈയിൽ എത്തുകയായിരുന്നു.
ചെന്നൈയിലെ ഫിലിം സിറ്റിയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. തന്നെ കാണാൻ ലണ്ടനിൽ നിന്ന് ഒരു ആരാധിക എത്തിയിട്ടുണ്ടെന്നറിഞ്ഞ വിജയ് അവരെ ചെന്ന് കണ്ടു. സംഗീതയുടെ ആരാധനയും പെരുമാറ്റവും വിജയിനെ വല്ലാതെ ആകർഷിച്ചു. അന്ന് വൈകുന്നേരം സംഗീതയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാൻ വിജയ് ക്ഷണിച്ചു. വിജയിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കും സംഗീതയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി. പിന്നീട് സംഗീതയോട് നേരിട്ട് അവർ വിവാഹാലോചന നടത്തുകയായിരുന്നു.
വിജയ് ക്രിസ്ത്യൻ മതവിശ്വാസിയും സംഗീത ഹിന്ദു മതവിശ്വാസിയുമായിരുന്നു. എങ്കിലും മതം അവരുടെ പ്രണയത്തിന് തടസമായില്ല. 1999 ആഗസ്ത് 25-ന് ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം അവർ വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം വിജയ് തമിഴകത്തെ സൂപ്പര്‍താരമായി വളര്‍ന്നു. താരത്തിന്‍റെ വസ്ത്രധാരണം മുതൽ കഥകൾ തിരഞ്ഞെടുക്കുന്നതിൽ വരെ സംഗീതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ജേസൺ സഞ്ജയ്, ദിവ്യ എന്നീ മക്കളും ദമ്പതികൾക്കുണ്ട്.