മമ്മുട്ടിയുടെ ‘യാത്ര’ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍; മുഖ്യാതിഥി കന്നട താരം യാഷ്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍ നടക്കും. കന്നട താരം യാഷ് പ്രധാന അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തെലുങ്ക് - മലയാള സിനിമാ താരങ്ങളും സന്നിഹിതരാകും. ഫെബ്രുവരി 8നാണ് യാത്ര ലോകത്താകമാനം റിലീസ് ചെയ്യുന്നത്.
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആര്‍ നടത്തിയ പദയാത്രയാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1992ല്‍ കെ. വിശ്വനാഥ് സംവിധാനം ചെയ്ത 'സ്വാതി കിരണ'ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ സാന്നിധ്യമറിയിക്കുന്നത്
അതെ സമയം ചിത്രത്തിനെതിരെ മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ചെന്നൈ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം. മുരുകനാണ് പരാതിക്കാരന്‍. ചിത്രത്തിന്‍റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം ആന്‍റ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി സ്വീകരിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം. സുന്ദര്‍ യാത്രയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു.
കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റിയിട്ടുണ്ട്. റിലീസിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിനെതിരെയുള്ള ഹരജി കാരണം അണിയറപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. ഗില്‍ഡിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതെ നിര്‍മ്മാതാക്കള്‍ ഫെബ്രുവരി എട്ടിന് തന്നെ റിലീസ് തീരുമാനിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.