ഇന്ദ്രജിത്ത് അല്ല,ലാലേട്ടനാണ് ഏറ്റവും മികച്ച ‘എം.ജി.ആർ’ എന്ന് ശ്രീധർ പിള്ള; തീർച്ചയായും ലാലേട്ടൻ തന്നെയാണ് മികച്ചതെന്ന് ഇന്ദ്രജിത്ത്
പ്രശസ്ത സംവിധായകന്‍ ഗൌതം മേനോന്‍ ഒരുക്കുന്ന ക്വീന്‍ ഡിസംബർ 14നാണ് റിലീസ് ചെയ്തത്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുന്ന വെബ് സീരിസാണ് ക്വീന്‍. ചിത്രത്തില്‍ എം.ജി.ആറിനെ അവതരിപ്പിക്കുന്നത് നടന്‍ ഇന്ദ്രജിത്താണ്. മോഹന്‍ലാലിന് ശേഷം എം.ജി.ആറായി വെള്ളിത്തിരയിലെത്തുന്ന മലയാളി താരം കൂടിയാണ് ഇന്ദ്രജിത്ത്.
പ്രശസ്ത സംവിധായകന്‍ ഗൌതം മേനോനും പ്രസാദ് മുരുകേശനും ഒരുക്കുന്ന ക്വീന്‍ ഡിസംബർ 14നാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ക്വീനിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രവുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രജിത്ത് നൽകിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റിനായിരുന്നു ഇന്ദ്രജിത്ത് ‘ക്ലാസ്’ മറുപടി നൽകിയത്.
‘വെള്ളിത്തിരയിലെ എം.ജി.ആറിനെ മോഹൻലാലിനോളം മികച്ചതായി മറ്റാർക്കും അവതരിപ്പിക്കാനാകില്ല. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹമാണ് ബെസ്റ്റ്.’–എന്നതായിരുന്നു ട്വീറ്റ്. അതിനു തർക്കമില്ലെന്നും അതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നും ഇന്ദ്രജിത്ത് മറുപടി നൽകിയതിനുശേഷം ആയിരുന്നു ഗൗതം മേനോന്റെ പ്രതികരണം. നിങ്ങൾ ഒരു നല്ല മനസിനുടമയാണ് എന്നും ഈ മറുപടി നിങ്ങളുടെ ‘ക്ലാസി’നെ സൂചിപ്പിക്കുന്നു എന്നും രണ്ടാമത് മികച്ചത് ആകുന്നതും വലിയ കാര്യമാണെന്നും മണി സർ, ലാൽ സർ എന്നീ ഇതിഹാസങ്ങൾക്കു ശേഷമാണ് നമ്മുടെ സ്ഥാനമെന്നും ഗൗതം മേനോൻ കുറിച്ചു.
ബാലതാരം അനിഘയും ക്വീനില്‍ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അനിഘയാണ്. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ. 10 ഭാഗങ്ങളായാണ് സീരീസ് എത്തുക.
1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ എം.ജി.ആറായി വേഷമിട്ടത്. പ്രകാശ് രാജായിരുന്നു കരുണാനിധിയെ അവതരിപ്പിച്ചത്. ഐശ്വര്യ റായ്, രേവതി, ഗൌതമി,തബു, നാസര്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രം നിരവധി ദേശീയ പുരസ്കാരങ്ങളും നേടിയിരുന്നു.