എനിക്ക് മെസിയെക്കാൾ വലുത് നവ്യയാണ്, മലയാള സിനിമയിലെ 'ഗോട്ട്'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ
കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും
കൊട്ടാരക്കര: ധ്യാൻ ശ്രീനിവാസന്‍റെ സിനിമകളെക്കാൾ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ അഭിമുഖങ്ങളും ഉദ്ഘാടനങ്ങളിലെ സംഭാഷണവും. ഇപ്പോഴിതാ കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനചടങ്ങിൽ ധ്യാനും നവ്യ നടി നവ്യ നായരും കണ്ടുമുട്ടിയപ്പോഴുള്ള രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്ന് വച്ചത് നവ്യക്ക് വേണ്ടിയായിരുന്നുവെന്നായിരുന്നു ധ്യാൻ പറഞ്ഞത്.
‘‘കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച്, പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്.
എന്റെ പഴയൊരു ഇന്റർവ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്’’ എന്നാണ് ധ്യാൻ പറഞ്ഞത്.
ധ്യാനിന്‍റെ വാക്കുകൾക്ക് പൊട്ടിച്ചിരിക്കുന്ന നവ്യയെയും വീഡിയോയിൽ കാണാം. ശ്രീനിവാസന്റെയും ഒരു പഴയകാല അഭിമുഖം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ള ആ വിഡിയോയിൽ, അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് ക്രഷ് ഉണ്ടെന്നായിരുന്നു അന്ന് ധ്യാൻ പറഞ്ഞത്.