ബോംബെ അധോലോകവും ഗോപാലകൃഷ്ണ പണിക്കറും ദാമോദര്‍ജിയും സ്ക്രീനിലെത്തിയിട്ട് 35 വര്‍ഷം

80കളിൽ ഗൗരവക്കാരനായ കുടുംബനാഥന്റെ വേഷത്തിൽ മമ്മൂട്ടി ആറാടിയപ്പോൾ മറുഭാഗത്ത് നർമത്തില്‍ പൊതിഞ്ഞ ഒരുപിടി കഥാപാത്രങ്ങളുമായി മോഹൻലാൽ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു

Update: 2022-11-10 06:49 GMT
Advertising

മോഹൻലാൽ, സത്യൻ അന്തിക്കാട് കൂട്ടുചേരൽ എത്ര ഉദാത്തമായ രംഗ മുഹൂർത്തങ്ങളാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്! മലയാള സിനിമാലോകത്ത് സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങൾ എടുത്ത് പറയാനുണ്ട്. എന്നെ സംബന്ധിച്ച് ഓർമയില്‍ ആദ്യമോടിയെത്തുന്നത് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രം തന്നെയാണ്. ആ ചിത്രത്തിനൊരു പ്രത്യേകത കൂടിയുണ്ട്. സിനിമ വെള്ളിത്തിരയിലെത്തിയിട്ട് 35 വർഷം പൂർത്തിയാകുന്നു.

സാധാരണക്കാരന്റെ നൊമ്പരങ്ങളെയും സന്തോഷങ്ങളെയും തന്മയ ഭാവ അഭിനയത്തിലൂടെ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെ ഹാസ്യം കൂട്ടികലർത്തി അത്ഭുതപ്രതിഭയായ മോഹൻലാൽ പ്രേക്ഷക ലക്ഷങ്ങളിലെത്തിച്ചിട്ട്‌ നീണ്ട മൂന്നര പതിറ്റാണ്ട്! ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ കഷ്ടതകളും പ്രാരാബ്ധങ്ങളും അഭ്രപാളിയിൽ വരച്ചു കാണിച്ചു. ആ പ്രമേയത്തെ മലയാളക്കരയിലെ സാധാരണക്കാരായ നമ്മളിൽ പലരും ഹൃദയംകൊണ്ട് ഏറ്റുവാങ്ങി.


മിക്കപ്പോഴും സാധാരണക്കാരന്‍റെ ജീവിത യാഥാർഥ്യങ്ങളുടെ നേർകാഴ്ചയാണല്ലോ സത്യൻ അന്തിക്കാട് തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു കാട്ടുന്നതും. അതിന് ഉദാഹരണമാണ് കുറുക്കന്‍റെ കല്യാണം, അപ്പുണ്ണി, സന്ദേശം, സസ്നേഹം, തുടങ്ങിയവ. ശ്രീനിവാസന്റെ വിരൽത്തുമ്പുകളിൽ നിന്നും വന്ന മികച്ച തിരക്കഥകൾക്ക് മോഹൻലാൽ എന്ന മഹാനടൻ ജീവൻ കൊടുക്കുക കൂടി ചെയ്യുമ്പോൾ സത്യൻ ചിത്രങ്ങളെ പ്രേക്ഷക ലക്ഷങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കുക പതിവായി.

ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുചേരലിൽ പിറവിയെടുത്ത ആദ്യ ചിത്രമാണ് ടി.പി ബാലഗോപാലൻ എം.എ. തുടർന്നും ഇരുവരും ചേർന്ന് നിരവധി വിസ്മയ കാഴ്ചകൾ തീർത്തു. 80കളിൽ ഗൗരവക്കാരനായ കുടുംബനാഥന്റെ വേഷത്തിൽ മമ്മൂട്ടി ആറാടിയപ്പോൾ മറുഭാഗത്ത് നർമത്തില്‍ പൊതിഞ്ഞ ഒരുപിടി കഥാപാത്രങ്ങളുമായി മോഹൻലാൽ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു. കേവലം 26 വയസ് പ്രായമുള്ളപ്പോഴായിരുന്നു 35കാരന്റെ പക്വതയോടെ മോഹൻലാൽ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രമായി മാറിയിരുന്നത്. ഏതൊരു പ്രായത്തിലേക്കും സ്വയം ആവാഹനം നടത്താനുള്ള അദ്ദേഹത്തിന്റെ മികവ് തന്നെയാണ് അത്ഭുതം.


കടക്കെണിയിൽ അകപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന ഗോപാലകൃഷ്ണപണിക്കർ എന്ന കഥാപാത്രം തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും വിൽക്കാൻ തീരുമാനിക്കുന്നു, എന്നാൽ പട്ടണത്തിലുള്ള ആ വീട്ടിൽ വർഷങ്ങളായി വാടകയ്ക്ക് താമസിച്ചുപോരുന്ന കുടുംബം ആ വീടൊഴിഞ്ഞുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഏത് വിധേനയും അവരെ വീട് ഒഴിപ്പിച്ച് വിടാൻ കാട്ടുന്ന പെടാപാടാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മേമ്പൊടിയായി ആവശ്യമായ ഇടത്തുമാത്രം നർമ്മത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് യഥാർഥത്തിൽ ആ ചിത്രത്തിന്റെ വിജയവും. എടുത്തു പറയുകയാണെങ്കിൽ പണിക്കരുടെ സഹപാഠിയായ ശ്രീനിവാസൻ ചെയ്യുന്ന കഥാപാത്രം (സബ് ഇൻസ്‌പെക്ടർ) കൂടാതെ ചിത്രത്തിലെ നായിക (കാർത്തിക) യുടെ അമ്മാവൻ (ബോംബെയിലെ അധോലോക നായകൻ) തിലകന്റെയും മികച്ച അഭിനയ മികവാണ് എന്നും ഓർമ്മിച്ചു ചിരിക്കാനുള്ള വകനൽകുന്നത്. മേൽ വിവരിച്ച ഇരുവരുടെയും സംഭാഷണങ്ങൾ അടർത്തിയെടുത്ത് പല മിമിക്രി കലാകാരന്മാർ സ്റ്റേജ് ഷോകളിലും അവതരിപ്പിച്ച് കയ്യടി നേടുന്നതും കൂടാതെ ഇവ സോഷ്യൽ മീഡിയകളിൽ ഇപ്പോഴും പ്രചരിക്കുന്നത് പതിവുള്ളതാണ്. 

രാജാവിന്റെ മകൻ, താളവട്ടം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം. ഈ ചിത്രം പിന്നീട് നിരവധി ഭാഷകളിലേയ്ക്ക് റീ മേക്ക് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ ക്ലൈമാക്സില്‍ പണിക്കർ (മോഹൻലാൽ) നായികയോട് (കാർത്തിക) പറയുന്ന സംഭാഷണം ഇങ്ങനെയാണ്. "എന്റെ ഓർമയിൽ സാഹചര്യങ്ങളാണ് മനുഷ്യനെ തമ്മിൽ അകറ്റുന്നതും അടുപ്പിക്കുന്നതും". യുവത്വത്തിന്റെ തുടക്കത്തിലാണ് ഞാനീ ചിത്രം ആദ്യമായി കാണുന്നത്, കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ വന്നിപ്പോൾ... ഞാനിതെഴുതുമ്പോൾ ചിത്രത്തിലെ ഓരോ സീൻ പോലും മനസിലേക്കോടിയെത്തും. കാരണം... ഒരുപക്ഷേ ഞാനും ഒരു സാധാരണക്കാരനായത് കൊണ്ടാവും ഈ ചിത്രം ഇന്നും എന്നെ ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - ജഗ്ഗി

contributor

Similar News