മാധവൻ നായരെ മധു എന്നു വിളിച്ചത് പി.ഭാസ്കരൻ മാഷ്; മലയാളത്തിന്‍റെ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
മധു എന്ന രണ്ടക്ഷരം പിന്നീട് മലയാള സിനിമയോളം വളർന്നു. സിനിമയുടെ വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തി
മധു
തിരുവനന്തപുരം: മലയാള സിനിമയുടെ കാരണവര്‍ മധു ഇന്ന് 90-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരെല്ലാം പ്രിയ നടന് ആശംസകള്‍ നേരുകയാണ്.
വി.ഡി സതീശന്‍റെ കുറിപ്പ്
മാധവൻ നായരെ മധു എന്ന് വിളിച്ചത് പി. ഭാസ്കരൻ മാഷാണ്. മധു എന്ന രണ്ടക്ഷരം പിന്നീട് മലയാള സിനിമയോളം വളർന്നു. സിനിമയുടെ വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തി. മലയാള സിനിമയുടെ തന്നെ കഥയും തിരക്കഥയും വഴിമാറി ഒഴുകി തുടങ്ങുകയും അതുവഴി ചരിത്രപരമായ ഗതിമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത കാലഘട്ടത്തിന്‍റെ പ്രതിനിധിയാണ് മധു. അന്നും ഇന്നും എന്നും മധുവിന് തുല്യം മധു മാത്രം.
പൊട്ടിത്തെറിക്കുന്ന ക്ഷുഭിത യൗവനം, പ്രണയത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്‍റെ ആർദ്രതയും നിറഞ്ഞ കാമുകൻ, ചങ്കുറപ്പുള്ള നായകൻ, പ്രതിനായകൻ, തലയെടുപ്പുള്ള കാരണവർ... അങ്ങനെ എത്രയെത്ര വേഷങ്ങൾ. സംവിധായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച സകലകലാ വല്ലഭൻ. മലയാളത്തിന്‍റെ ഒരേയൊരു മധുവിന് നവതിയുടെ ധന്യത. പ്രിയപ്പെട്ട മധു സാറിന് നവതി ആശംസകൾ.
വി.എന്‍ വാസവന്‍റെ കുറിപ്പ്
മധു എന്ന നടൻ ആരാണന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേ ഉള്ളൂ സ്‌നേഹം. അതുകൊണ്ടാണ് ചെമ്മീനിലെ പരീക്കുട്ടിയായി മലയാളികളുടെ ഉള്ളിൽ മധു നിറഞ്ഞു നിൽക്കുന്നത്. തന്റെ കലായാത്ര തുടരുമ്പോൾ മധു എന്ന സ്നേഹത്തണൽ നവതിയുടെ നിറവിലെത്തിയിരിക്കുന്നു. ആശംസകൾ നടനായി നിറഞ്ഞു നിൽക്കുമ്പോഴും സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും സ്റ്റുഡിയോ ഉടമയുമൊക്കെയായി സിനിമയെ പ്രണയിച്ചു നിൽക്കുന്നുണ്ടായിരുന്നു ഇദ്ദേഹം.
നാനൂറോളം സിനിമകളിൽ വേഷമിട്ട മധു പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 15 സിനിമകൾ നിർമ്മിച്ചു.സിനിമാ അഭിനയത്തിന്റെ അറുപതാം വർഷം പിന്നിട്ടു. മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നടനാണ് മധു. ശ്രീകുമാരൻതമ്പി സാർ സംവിധാനം ചെയ്ത 30 ചിത്രങ്ങളിൽ 11 ലും മധുവായിരുന്നു നായകൻ അങ്ങനെ മലയാളിയുടെ മഹാ ഭാഗ്യങ്ങളിലൊന്നായ മഹാനടന് ഒരിക്കൽ കൂടി നവതി ആശംസകൾ.