ചെന്നൈ: തമിഴ് നടനാണെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് നെപ്പോളിയൻ. മോഹൻലാലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ എന്ന ഒറ്റ കഥാപാത്രം മതി നെപ്പോളിയനെ ഓര്‍മിക്കാൻ. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൊന്നായിരുന്നു മുണ്ടക്കൽ ശേഖരൻ. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായപ്പോഴും മംഗലശ്ശേരി നീലകണ്ഠനും മംഗലശ്ശേരി കാര്‍ത്തികേയനുമൊപ്പം ശേഖരനും നിറഞ്ഞു നിന്നു. നടൻ എന്നതിലുപരി ഒരു രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ് നെപ്പോളിയൻ. കേന്ദ്രമന്ത്രി പദവി വരെ അലങ്കരിച്ച പൊതുപ്രവര്‍ത്തകൻ.
എന്നാൽ ഇതൊന്നുമല്ല നെപ്പോളിയൻ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായ മകൻ ധനുഷിന്‍റെ ചികിത്സക്കും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച് മകനായി സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച നെപ്പോളിയൻ എന്ന പിതാവിനെ വാഴ്ത്തുകയാണ് ആരാധകര്‍. രണ്ട് വര്‍ഷം മുൻപായിരുന്ന ധനുഷിന്‍റെ വിവാഹം. തമിഴ്നാട് സ്വദേശിനിയായ അക്ഷയയാണ് ഭാര്യ. അസുഖബാധിതനായ മകന് വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നുവെന്ന് നെപ്പോളിയനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് താരം.
''എല്ലാവരേയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ ജീവിതം നമ്മൾ ജീവിക്കുക. നമ്മുടെ മക്കൾക്ക് എന്താണോ വേണ്ടത് അത് ചെയ്ത് കൊടുക്കണം. എനിക്കും ഭാര്യയ്ക്കും വയസായി തുടങ്ങി. അതുകൊണ്ട് മകന് യോജിച്ച ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നി. രണ്ട് വർഷം അവനൊരു പങ്കാളിയെ കണ്ടെത്താനായി തിരഞ്ഞു. അവന് അപ്പോൾ 23 വയസാണ് പ്രായം. 25ൽ കല്യാണം നടന്നു. 22 വയസ് മുതൽ അക്ഷയയ്ക്ക് വിവാഹ ആലോചനകൾ വരുന്നുണ്ട്. ഞങ്ങളുടെ പ്രപ്പോസൽ ചെന്നപ്പോൾ ആദ്യം അക്ഷയയുടെ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. എന്നാൽ പിന്നീട് അക്ഷയ തന്നെ വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ധനുഷിന്റെ വീഡിയോകൾ കാണാറുണ്ട്. അവനെ ഇഷ്ടമാണ് എന്നാണ് അക്ഷയ പറഞ്ഞത്.
അതിനുശേഷം എന്റെ സഹോദരൻ അക്ഷയയുടെ കുടുംബവുമായി സംസാരിച്ചു. ഫിസിക്കലി ഒന്നും ചെയ്യാൻ ധനുഷിന് സാധിക്കില്ലെന്നതടക്കം എല്ലാ കാര്യങ്ങളും അക്ഷയയ്ക്ക് വിവരിച്ച് കൊടുത്തിരുന്നു. പിന്നീട് എന്റെ ഭാര്യ അമേരിക്കയിൽ നിന്നും അക്ഷയയേയും വീട്ടുകാരെയും കണ്ടു സംസാരിച്ചു. അതിനുശേഷം എന്റെ ഭാര്യയ്ക്ക് മനസിലായി അക്ഷയ ധനുഷിന്റെ കാര്യത്തിലും എടുത്ത തീരുമാനത്തിലും കോൺഫിഡന്റാണെന്നുള്ളത്. അതിനുശേഷം ഞാൻ പോയി വിവാഹനിശ്ചയം നടത്തി. പിന്നീട് കല്യാണവും നടത്തി. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നുവെന്നൊക്കെ നാട്ടുകാർ പറയുന്നത് സ്വഭാവികം.
പെണ്ണും അവളുടെ കുടുംബവും പൂർണ്ണ സമ്മതത്തോടെയാണല്ലോ വിവാഹത്തിന് സമ്മതിച്ചത്. പിന്നെ എന്താണ് കുഴപ്പം. അക്ഷയയെ മരുമകളായല്ല മകളായാണ് ഞങ്ങൾ സ്വീകരിച്ചത്. ഇന്നും ഞങ്ങളുടെ വീട്ടിൽ മകളായാണ് അവൾ വാഴുന്നത്. എന്നെ അപ്പ എന്നും ഭാര്യയെ അമ്മയെന്നുമാണ് വിളിക്കുന്നത്. അവൾ ഞങ്ങളോടൊപ്പം വളരെ ഹാപ്പിയാണ്. എന്റെ മകനും സന്തോഷവാനാണ്. ഞങ്ങളുടെ ജീവിതം ഞങ്ങൾ ജീവിക്കുന്നു നെപ്പോളിയൻ പറഞ്ഞു.
ദേവാസുരത്തിലെ പവര്‍ഫുൾ വില്ലനെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ''മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയലോഗ് ഇന്നും ഓർമയുണ്ട്. 'നീലകണ്ഠാ, ഞാനാടാ മുണ്ടയ്ക്കൽ ശേഖരൻ. ഒന്നുമങ്ങട് അവസാനിച്ചെന്ന് കരുതണ്ട. തുടങ്ങിയതേ ഉള്ളൂ. എനിക്കൊരു ദിവസം ഉണ്ടെടോ, ബാക്കി നമുക്ക് അന്ന് പറയാം. അതിനധികം താമസിക്കില്ല. ഓർമ വെച്ചോ'
എനിക്ക് അത്രയ്ക്കും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് മുണ്ടയ്ക്കൽ ശേഖരൻ. 'രാവണപ്രഭു'വിൽ ലാലേട്ടൻ വന്ന് 'വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ' എന്ന് പറയുന്നതൊക്കെ ആളുകൾ ഇന്നും എന്നെ കാണുമ്പോൾ പറഞ്ഞു കേൾപ്പിക്കാറുണ്ട്. പ്രേക്ഷകരുടെ മനസിൽ അത്രമേൽ പതിഞ്ഞുപോയ കഥാപാത്രമാണ്. ഇന്നത്തെ ചെറുപ്പക്കാർ പോലും എന്നെ കാണുമ്പോൾ ചോദിക്കുന്നത്, 'ശേഖരേട്ടാ, ദേവാസുരം മൂന്നാം ഭാഗം എപ്പോഴാണ്?' എന്നാണ്. ഞാൻ പറയും, 'ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി' എന്ന്.
കഴിഞ്ഞ 35 വർഷമായി സിനിമകളിൽ ഞാൻ വില്ലൻ വേഷം ചെയ്യാറില്ല. പക്ഷേ, ലാലേട്ടന് വേണ്ടി ഞാൻ അത് ചെയ്യും. ദേവാസുരം പാർട്ട് 3ക്ക് വേണ്ടി അദ്ദേഹം ആവശ്യപ്പെട്ടാൽ ആ വേഷം ചെയ്യാൻ ഞാൻ തയാറാണ്. ലാലേട്ടൻ വിസ്മയിപ്പിക്കുന്ന നടനാണ്. തമിഴിൽ കമൽ സാർ എങ്ങനെയോ, അതുപോലെ മലയാളത്തിൽ ലാലേട്ടനാണ്. എനിക്ക് മമ്മൂക്കയെയും വലിയ കാര്യമാണ്. തമിഴിൽ ഞങ്ങൾ 'എതിരും പുതിരും' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂക്കയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്, നല്ലൊരു അവസരം വന്നാൽ ഉറപ്പായും ചെയ്യും.'' മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.