ടൈഗർ ഷെറോഫിന് പിന്നാലെ രൺബീർ കപൂറും? വീടിന് സമീപം പ്രതികൾ എത്തിയെന്ന് റിപ്പോർട്ട്; ആലിയയുടെ ലൈക്കും ചർച്ചയിൽ
മുംബൈ ജുഹുവിൽ ടൈഗർ ഷെറോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികൾ ആദ്യം മറ്റൊരു ബോളിവുഡ് താരത്തെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്
മുംബൈ: നടൻ ടൈഗർ ഷെറോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികൾ നടൻ രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വീടും നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്.ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പുതിയ വിവരം പുറത്തുവന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കിടെ രൺബീറിനെ പിന്തുണച്ചുള്ള ആരാധകന്റെ പോസ്റ്റ് നടി ആലിയ ഭട്ട് ലൈക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
മുംബൈ ജുഹുവിൽ ടൈഗർ ഷെറോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികൾ ആദ്യം മറ്റൊരു ബോളിവുഡ് താരത്തെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയിൽ പ്രതികൾ നിരീക്ഷണം നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ രൺബീർ കപൂറിനെ പിന്തുണച്ച് ആരാധകൻ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ രൺബീർ പങ്കെടുത്തതിനെ പിന്തുണച്ച പോസ്റ്റിൽ, ഭീഷണിയുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും താരം പരിപാടിയിൽ പങ്കെടുത്തതിനെ പ്രശംസിച്ചു. പ്രസംഗത്തിനിടെ വാക്കുകൾ ഇടറിയതിന്റെ പേരിൽ താരത്തെ പരിഹസിച്ചവരെയും പോസ്റ്റ് വിമർശിച്ചു.
“വധശ്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും അദ്ദേഹം കൊൽക്കത്തയിലെ പരിപാടിയിൽ പങ്കെടുത്തു. മറ്റെന്തെങ്കിലും സംഭവമായിരുന്നെങ്കിൽ പരിപാടി റദ്ദാക്കുമായിരുന്നു. എന്നാൽ, അതൊന്നും വകവെക്കാതെ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിലുള്ള തുറന്ന വേദിയിൽ അദ്ദേഹം എത്തി സംസാരിക്കാൻ ശ്രമിച്ചു. അത്തരമൊരു ഭീതിജനകമായ സാഹചര്യത്തിൽ വാക്കുകൾ ഇടറിയത് സ്വാഭാവികമാണ്. എന്നിട്ടും ആ ചെറിയ ദൃശ്യത്തിന്റെ പേരിൽ അദ്ദേഹത്തെ പരിഹസിക്കുകയും ഒടുവിൽ മാപ്പുപറയേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തു. എന്തിനാണ് അദ്ദേഹം മാപ്പുപറയേണ്ടത്?” എന്നായിരുന്നു പോസ്റ്റിലെ വിമർശനം.ഈ പോസ്റ്റ് ആലിയ ഭട്ട് ലൈക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഭവത്തെക്കുറിച്ച് ആലിയ നേരിട്ട് പ്രതികരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ടൈഗർ ഷെറോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികൾ ആദ്യം നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നുവെന്നും അവിടെ പൊലീസ് സുരക്ഷ ശക്തമായിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്.
തുടർന്ന്, ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ ടൈഗർ ഷെറോഫ് എല്ലാ ഞായറാഴ്ചയും എത്താറുണ്ടെന്ന വിവരം ആരാധകരുടെ പോസ്റ്റുകളിലൂടെയും ഇൻസ്റ്റഗ്രാം പേജുകളിലൂടെയും മനസ്സിലാക്കിയ പ്രതികൾ താരത്തെ ലക്ഷ്യമിട്ടെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. താരത്തിന് താരതമ്യേന കുറവ് സുരക്ഷയുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.കേസിൽ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ആയുധങ്ങൾ എത്തിച്ചവരെയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
alia has reacted to this message https://t.co/7eo1dzE9V2
— rambir kapoor era (@premkinaiyyaaa) October 22, 2026