7000ല്‍ താഴെ വോട്ടിന് വിധി നിര്‍ണയിച്ച യുപിയിലെ മണ്ഡലത്തില്‍ വോട്ടര്‍പട്ടികയിലെ 10,470 പേരുകളില്‍ ക്രമക്കേട്
- എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ കൃത്യമായി ഉള്‍പ്പെട്ടിരുന്ന പേരുകളാണ് പിന്നീട് മാറിയത്
- രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ (ഇആര്‍ഒ) നടപടിയെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: യുപിയിലെ പിലിഭിത് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ 10,470 പേരുകളില്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍. എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ കൃത്യമായി ഉള്‍പ്പെട്ടിരുന്ന പേരുകളാണ് പലതും പിന്നീട് മാറിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ (ഇആര്‍ഒ) നടപടിയെടുക്കാന്‍ ഉത്തരവിട്ടു. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മണ്ഡലത്തിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലെ ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആര്‍) ശേഷം വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകള്‍ക്ക് നേരെ മറ്റുള്ളവരുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7000ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രം ബിജെപി വിജയിച്ച മണ്ഡലമാണ് പിലിഭിത്. ഇവിടെയാണ് 10,470 വോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മേയ് 31 മുതല്‍ ആഗസ്റ്റ് 29 വരെയാണ് വോട്ടര്‍മാരുടെ വിവരങ്ങള്‍ തിരുത്തപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 13,779 ഫോം 8 അപേക്ഷകള്‍ രേഖപ്പെടുത്തി. എന്നാല്‍ യഥാര്‍ഥ അപേക്ഷകളോ അനുബന്ധ രേഖകളോ ഉണ്ടായിരുന്നില്ല. ഇതില്‍ 10,470 അപേക്ഷകളിലെ തിരുത്തലുകള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇവയിലെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഈ പേരുകള്‍ തിരുത്തി കൃത്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പിലിഭിത്തിലെ അഭിഭാഷകനായ ഫൈസാന്‍ അലി ഖാനും സഹോദരന്‍ ഫര്‍ഹാനും വോട്ടര്‍പട്ടികയില്‍ തങ്ങളുടെ വിവരങ്ങള്‍ മാറിയതായി പരാതി നല്‍കിയിരുന്നു. ഫൈസാന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പരിശോധിച്ചപ്പോള്‍ 'റഈസ് അലി' എന്ന പേരാണ് കണ്ടത്. സഹോദരന്റെ വിവരങ്ങള്‍ക്ക് പകരം 'ഗുഫ്രാന്‍ അസ്ലം' എന്ന പേരാണ് കാണിച്ചിരുന്നത്. എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ കൃത്യമായി ഉള്‍പ്പെട്ടിരുന്ന പേരുകള്‍ പിന്നീട് എങ്ങനെ മാറിയെന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍ നടത്തിയ ക്രമക്കേടുകളില്‍ ഭൂരിഭാഗവും മുസ്‌ലിം വോട്ടര്‍മാരെ ബാധിച്ചതായാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ആരോപിക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ പരിശോധനയില്‍ 13,150 പേരുടെ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. 2022-ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പിലിഭിത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് സിങ് ഗങ്വാര്‍ വിജയിച്ചത് 7000ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശത്തെ ബാധിക്കുമോയെന്ന ആശങ്ക പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
വോട്ടര്‍ പട്ടികയിലെ പൊരുത്തക്കേടുകള്‍ പിലിഭിത്തില്‍ മാത്രമായി ഒതുങ്ങില്ലെന്നും യുപിയിലെ മറ്റ് നൂറോളം നിയമസഭാ മണ്ഡലങ്ങളില്‍ സമാനമായ പരിശോധനകള്‍ നടത്തുമെന്നും എസ്പി വക്താവ് ഉദൈവീര്‍ സിങ് പറഞ്ഞു. 'എസ്ഐആറിന് ശേഷം എങ്ങനെയാണ് ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. പ്രത്യേകിച്ച്, മുസ്‌ലിം വോട്ടര്‍മാരുടെ വിവരങ്ങളിലെ മാറ്റങ്ങള്‍' -സിങ് പറഞ്ഞു.