'ശൗര്യ' കമാന്‍ഡോകള്‍ സജ്ജം; അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം; സ്ഥിരീകരിച്ച് ഐടിബിപി മേധാവി
ആധുനിക യുദ്ധസാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ഐടിബിപി മേധാവി ശത്രുജീത് സിങ് കപൂര്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) മേധാവി ശത്രുജീത് സിങ് കപൂര്‍. പുതിയതായി രൂപീകരിച്ച 'ശൗര്യ' കമാന്‍ഡോകള്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈനിക സന്നാഹം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐടിബിപിയുടെ പുതിയ നീക്കങ്ങള്‍.
2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയും തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു. ഈ സംഭവത്തിനുശേഷം അതിര്‍ത്തിയിലെ സൈനിക വിന്യാസവും പരിശീലനവും ആധുനികവത്കരണവും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര നീക്കങ്ങള്‍ സജീവമായതോടെ സംഘര്‍ഷത്തിന് അയവുണ്ടായിരുന്നു. അതിനിടെയാണ്, പലയിടത്തും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് ഇപ്പോള്‍ ഐടിബിപി മേധാവി വെളിപ്പെടുത്തിയത്.
രാജസ്ഥാനിലെ അല്‍വാറില്‍ ഐടിബിപിയുടെ 65ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ശത്രുജീത് സിങ് കപൂര്‍ ചൈനീസ് അതിർത്തിയിലെ മുഖാമുഖത്തെ കുറിച്ച് പറഞ്ഞത്. ഓരോ അതിര്‍ത്തി ബറ്റാലിയനിലും ശൗര്യ കമാന്‍ഡോകളെ വിന്യസിക്കാനാണ് തീരുമാനം. പരമ്പരാഗത യുദ്ധരീതികള്‍ മാത്രം ഉപയോഗിച്ച് ചൈനയെ നേരിടുന്നത് മതിയാകില്ലെന്നും ആധുനിക യുദ്ധസാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രോണ്‍ യുദ്ധശേഷി വര്‍ധിപ്പിക്കുന്നതിനും ഐടിബിപി പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. അതിര്‍ത്തി കാക്കുന്ന എല്ലാ ബറ്റാലിയനുകളിലും ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ചിട്ടുണ്ട്. 2020ലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ സൈനികരെ പ്രാപ്തരാക്കുന്നതിനായി 'സ്‌ട്രൈക്ക്' എന്ന പേരില്‍ പുതിയ പരിശീലന പദ്ധതിയും ഐടിബിപി ആരംഭിച്ചിട്ടുണ്ട്. 2027 അവസാനത്തോടെ മുഴുവന്‍ സേനയ്ക്കും ഈ പരിശീലനം നല്‍കാനാണ് ലക്ഷ്യം.
അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭൂഗര്‍ഭ സംരക്ഷണ കേന്ദ്രങ്ങളും നിര്‍മിക്കുന്നുണ്ട്. യുദ്ധസാഹചര്യങ്ങളില്‍ ഭൂമിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഭൂഗര്‍ഭ സംവിധാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും കപൂര്‍ വ്യക്തമാക്കി.