'ഡെപ്യൂട്ടി തെര. കമ്മീഷണര്‍ അച്ചടക്ക ലംഘനം നടത്തി', കത്തെഴുതി ആവശ്യപ്പെട്ടിട്ടും നടപടിയില്ല; തെര. കമ്മീഷനിലെ ഭിന്നതകള്‍ വീണ്ടും പുറത്ത്
ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയുമാണ് കത്ത് നല്‍കിയത്
ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രധാന ചുമതലക്കാര്ക്കിടയിലെ ഭിന്നതകള്‍ വീണ്ടും മറനീക്കി പുറത്ത്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ജൂലൈ 29ന് കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന് കത്തയച്ചു. എന്നാല്‍ കത്തില്‍ നടപടിയുണ്ടായില്ല. കമ്മീഷണര്‍മാരുടെ ആവശ്യത്തില്‍ നടപടിയെടുക്കുന്നത് 'അനുചിതവും' 'ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതും' ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സീനിയര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ടാണ് രണ്ട് കമ്മീഷണര്‍മാരും പ്രത്യേകമായി കത്ത് നല്‍കിയത്. മനീഷ് ഗാര്ഗിന് ജൂലൈ 27 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ ഭരണവിഭാഗത്തിന്റെ ചുമതല കൂടി നല്‍കിയിരുന്നു. അഡ്മിനിസ്ട്രേഷന് ചുമതലയുണ്ടായിരുന്ന പ്രകാശ് യേത്രു എന്ന ഉദ്യോഗസ്ഥന് അവധിയിലായപ്പോഴായിരുന്നു ഇത്. എന്നാല്‍, ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെ മനീഷ് ഗാര്‍ഗ് മറ്റ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തി. കമ്മീഷണര്മാരോടോ മറ്റ് ഉദ്യോഗസ്ഥരോടോ മതിയായ കൂടിയാലോചന നടത്താതെയായിരുന്നു ഈ ചുമതലമാറ്റമെന്ന് സുഖ്ബീര്‍ സിങ് സന്ധുവിന്റെ കത്തില്‍ വ്യക്തമാക്കുന്നു. ഭരണ വിഭാഗത്തില്‍ നിന്ന് ഒരു ഫയല്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയില്ലെന്ന് വിവേക് ജോഷിയുടെ കത്തില്‍ പറയുന്നു. തുടർന്നാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചത്.
സീനിയര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്
മനീഷ് ഗാര്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കത്തില്‍ ആഗസ്റ്റ് മൂന്നിനും നാലിനും ആഭ്യന്തര ചര്‍ച്ചകള്‍ നടന്നതായി കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഫയല്‍ കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് അഞ്ചിന് കാബിനറ്റ് സെക്രട്ടറി കത്തുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിലേക്കും പരിഗണനക്കായി അയച്ചു. എന്നാല്‍, കത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി കമ്മീഷനില്‍ നിയമിച്ച ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ചാണ് കത്തെന്ന് ആഗസ്റ്റ് നാലിലെ കാബിനറ്റ് സെക്രട്ടറിയുടെ ഫയല്‍ കുറിപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഭരണഘടനാ സ്ഥാപനമാണെന്നും, നിയമപ്രകാരം പരമാവധി ഐക്യകണ്ഠേനയോ ഭൂരിപക്ഷാഭിപ്രായപ്രകാരമോ ആണ് കമ്മീഷന് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അതില്‍ വ്യക്തമാക്കുന്നു. 'തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഭരണഘടനാ സ്ഥാപനമാണ്. അത് സ്വതന്ത്രമായും സുതാര്യമായും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എക്സിക്യൂട്ടീവ് ഇടപെടലുകളില്‍ നിന്ന് അതിനെ മാറ്റിനിര്‍ത്തിയിരിക്കുന്നു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അയച്ച കത്തുകള്‍ വ്യക്തിപരമാണ്. അത് ഗൗരവമായി കാണേണ്ടതാണെങ്കിലും കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയമായി കാണാന്‍ കഴിയില്ല,' -ക്യാബിനറ്റ് സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. അനുയോജ്യമായ നടപടി ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കത്തയച്ചിരിക്കുന്നത്. എന്നിരുന്നാലും, കമ്മീഷനില്‍ നിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് അനുചിതമായിരിക്കുമെന്നും കാബിനറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇതോടെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിനെതിരെ ഒരു നടപടിയുമുണ്ടായില്ല.
കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ഭിന്നതയുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പല തീരുമാനങ്ങളിലും കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രൂക്ഷമായ എതിര്‍പ്പ് അറിയിച്ചിരുന്നു. വോട്ടര്‍പട്ടിക പരിഷ്കരണം, പുതിയ വോട്ടര്‍മാരെ ചേര്‍ക്കല്‍, പേരുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ കമ്മീഷന് കൈക്കൊണ്ട നടപടികള്‍ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി രേഖാമൂലം പരാതി നല്കിയതും പുറത്തുവന്നിരുന്നു. പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്.
അതേസമയം, ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവിക ചര്‍ച്ചകളുടെ ഭാഗമാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പുള്ള നടപടിക്രമം മാത്രമാണ് ഭിന്ന വീക്ഷണങ്ങളെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് വിശദീകരണം നല്‍കിയത്.