സ്വര്‍ണവില എത്തിയത് വന്‍ 'ഡിസ്‌കൗണ്ട് നിരക്കില്‍'; 25,000 രൂപയിലേറെ കുറവ്, വീഴുമോ ലക്ഷത്തിനും താഴേക്ക് ?
ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില കത്തുമ്പോള്‍ വന്‍ വീഴ്ചയിലേക്ക് പതിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്നത്തെ വില പവന് 1,04,480 രൂപയാണ്. വരുംദിവസങ്ങളിലും വില ഇടിയുകയാണെങ്കില്‍ ലക്ഷം രൂപക്ക് താഴേക്ക് സ്വര്‍ണം വീഴാനാണ് സാധ്യത. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്ന് 20 ശതമാനത്തിലേറെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. പിന്നീട് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയില്‍ ചാഞ്ചാടിയ സ്വര്‍ണം സംഘര്‍ഷം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് വലിയ വീഴ്ചയെ നേരിട്ടത്. ഒക്ടോബര്‍ 11ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതില്‍ നിന്ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇടിഞ്ഞത് 6560 രൂപയാണ്. ആഗോളവിപണിയില്‍ 4028 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
സാധാരണയായി യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പോലുള്ള സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാറുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുതിപ്പാണ് സ്വര്‍ണത്തെ പിന്നിലേക്ക് വലിച്ചത്. സ്വര്‍ണത്തേക്കാള്‍ ആകര്‍ഷകം എണ്ണയായതോടെ നിക്ഷേപകര്‍ അങ്ങോട്ട് തിരിയുകയായിരുന്നു.
നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 114 ഡോളറിന് മുകളിലെത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും എണ്ണവിതരണത്തെ ബാധിക്കാനുള്ള സാധ്യതയുമാണ് വില ഉയരാന്‍ കാരണം. സൗദി അറേബ്യയിലെ എണ്ണമേഖലകള്‍ക്കും ഗള്‍ഫ് മേഖലയിലെ ഗതാഗത സംവിധാനങ്ങള്‍ക്കും നേരെയുണ്ടാകാവുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
എണ്ണവില കൂടുന്നത് ആഗോള പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വര്‍ണത്തിന്റെ ആകര്‍ഷണം ഇതോടെ കുറയാം. ഡോളര്‍ ശക്തിപ്പെടുന്നതും ബോണ്ട് വരുമാനം ഉയരുന്നതും സ്വര്‍ണവിലയ്ക്ക് അധിക സമ്മര്‍ദമാകും. ഇവയെല്ലാം ചേര്‍ന്ന് കുറഞ്ഞ കാലയളവിലേക്ക് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കും.
സ്വര്‍ണവില ഇനി എങ്ങോട്ട് എന്നുള്ളത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കും: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതി, ക്രൂഡ് ഓയില്‍ വില, അമേരിക്കന്‍ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകള്‍ എന്നിവയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തിപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കുമെന്നതിനാല്‍ എണ്ണവില ഉയരുകയും സ്വര്‍ണത്തിന് തിരിച്ചടിയാകുകയും ചെയ്യും. ഇന്ധനവില കൂടുന്നത് പണപ്പെരുപ്പഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്കയും സ്വര്‍ണത്തെ പ്രതികൂലമായി ബാധിക്കും.