രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലക്ക് ?
പിപിപി മോഡലില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനാണ് നീക്കം
കൊല്‍ക്കത്ത: ഇന്ത്യയിലെ രണ്ട് വിമാനത്തവളങ്ങളുടെ നടത്തിപ്പ് കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയേക്കും. പിപിപി മോഡലില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനാണ് നീക്കം. കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് നീക്കം നടക്കുന്നത്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥരും നടത്തിപ്പുകാരുമ.
പശ്ചിമബംഗാളില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറണമെന്ന ആവശ്യം ശക്തമായത്. തമിഴ്‌നാട്ടിലെ ചെന്നൈ എയര്‍പോര്‍ട്ടും ഇത്തരത്തില്‍ കൈമാറാന്‍ നീക്കം നടക്കുന്നുണ്ട്.
ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ വികസനം തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് അത്യന്താപേക്ഷിതമാണെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവളത്തിന്റെ ഓപ്പറേറ്ററിലും മാറ്റമുണ്ടാകണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 2.7 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാവമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. നിലവില്‍ 23.1 മില്യണ്‍ യാത്രക്കാരാണ് ചെന്നൈയിലൂടെ പ്രതിവര്‍ഷം കടന്ന് പോകുന്നത്. 30 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമാണ് ചെന്നൈക്കുള്ളത്.
വടക്ക്-കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടമെന്ന നിലയില്‍ പ്രശസ്തമായ വിമാനത്താവളമാണ് കൊല്‍ക്കത്ത. നിലവില്‍ 21 മില്യണ്‍ യാത്രക്കാര്‍ കൊല്‍ക്കത്ത വഴി യാത്ര ചെയ്യുന്നു. ഇന്ത്യയിലെ ആറാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കൊല്‍ക്കത്ത. സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പ് കൈമാറിയാല്‍ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.