രൂപയെ രക്ഷിക്കാന്‍ ഡോളര്‍ വിറ്റ് ആര്‍ബിഐ; കടുത്ത പ്രതിസന്ധിയില്‍ ?
സെപ്തംബര്‍ നാലിലെ 785 ബില്യണ്‍ ഡോളറില്‍ നിന്നാണ് കരുതല്‍ശേഖരം ഇടിഞ്ഞത്
ന്യൂഡല്‍ഹി: ആറാഴ്ചക്കിടെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്. 60 ബില്യണ്‍ ഡോളറിന്റെ കുറവാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഉണ്ടായത്. രൂപയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതോടെയാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞത്.
ഒക്‌ടോബര്‍ ഒമ്പതാം തീയതി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം 726.27 ബില്യണ്‍ ഡോളറായിരുന്നു. സെപ്തംബര്‍ നാലിലെ 785 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഇത് ഇടിഞ്ഞത്. ഈ ആഴ്ച മാത്രം എട്ട് ബില്യണ്‍ ഡോളറിന്റെ കുറവ് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ രേഖപ്പെടുത്തി.
വിപണിയില്‍ ഡോളറിന്റെ ലഭ്യത വര്‍ധിപ്പിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആര്‍ബിഐ നടത്തുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ വിദേശനാണയ ശേഖരത്തില്‍ കുറവുണ്ടാക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ധന, അമേരിക്കന്‍ ബോണ്ട് വരുമാനത്തിലെ ഉയര്‍ച്ച, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ പണം പിന്‍വലിക്കല്‍ എന്നിവയെല്ലാം രൂപയുടെ മൂല്യമിടിക്കുന്ന പ്രധാനഘടകങ്ങളാണ്.