'വിജയ്ക്ക് ജാതിയും മതവുമില്ല, ജാതിക്കോളത്തില്‍ തമിഴന്‍': വെളിപ്പെടുത്തലുമായി പിതാവ്

"ജാതീയതയ്ക്ക് കാരണം നമ്മളാണ്. നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിക്കോളം ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം"

Update: 2021-09-14 03:31 GMT
Advertising

തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് 'തമിഴൻ' എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.

"സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകൾ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാൻ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാൻ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവർ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം"- ചന്ദ്രശേഖര്‍ പറഞ്ഞു.

തന്‍റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വാ എന്ന് മാറ്റിയിരിക്കുന്നു. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഒരു ചലനം ഉണ്ടാകുന്നു. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ തന്‍റെ സിനിമകളിലും വിജയ് എന്ന പേരുള്ള നായകനുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന് പേരിട്ടത്. വിജയ് വിശ്വയുടെ പേരിനൊപ്പം തന്നെ വിജയമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.    

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News