ഹിന്ദി ദേശീയഭാഷ അല്ലെ'ന്ന് കിച്ച സുദീപ്; പിന്നെന്തിനാണ് സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നതെന്ന് അജയ് ദേവ്ഗൺ

കെ.ജി.എഫിന്റെ വൻ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന് അഭിപ്രായം പലരും പങ്കുവെച്ചിരുന്നു ഇതിനുള്ള മറുപടി പോസ്റ്റിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ രംഗത്തെത്തിയത്

Update: 2022-04-27 16:30 GMT
Editor : abs | By : Web Desk

ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മില്‍ വാക്പോര്.  കിച്ച സുദീപിന്റെ ഹിന്ദിയുമായി ബന്ധപ്പെട്ട പോസ്റ്റിന് മറുപടിയുമായി  അജയ് ദേവ്ഗൺ രംഗത്തെത്തി.  ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്നായിരുന്നു കിച്ച സൂദീപിന്റെ പ്രതികരണം. ഇതിന് ട്വിറ്ററിലൂടെയാണ് ദേവ്ഗൺ മറുപടി നൽകിയിരിക്കുന്നത്.

'താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്‌പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും,' എന്നാണ് അജയ് ദേവ്ഗണ്‍ സുദീപിന് മറുപടി നല്‍കിയത്.

Advertising
Advertising

എന്നാല്‍ ഇതിന് പിന്നാലെ അജയ് ദേവഗണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ അജയ് ദേവ്ഗണിന്റെ വിശദീകരണവും എത്തി.

'കിച്ച സുദീപ്, നിങ്ങള്‍ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാന്‍ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതിയിരുന്നത്. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, എല്ലാവരും നമ്മുടെ ഭാഷയെയും ബഹുമാനിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, വിവര്‍ത്തനത്തില്‍ എന്തെങ്കിലും വിട്ടുപോയതായിരിക്കാം,' അജയ് ദേവ്ഗണ്‍ കുറിച്ചു. എങ്കിലും പഴയ ട്വീറ്റ് നീക്കം ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല.

കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉടലെടുത്തത്. കെ.ജി.എഫിന്റെ വൻ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന് അഭിപ്രായം പലരും പങ്കുവെച്ചിരുന്നു ഇതിനുള്ള മറുപടി പോസ്റ്റിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ രംഗത്തെത്തിയത്.

നിങ്ങൾ പാൻ ഇന്ത്യൻ ഫിലിം കന്നഡയിൽ നിർമ്മിച്ചുവെന്ന് പറഞ്ഞു. അതിൽ ചെറിയൊരു തിരുത്തൽ വരുത്താനുണ്ട്. ഹിന്ദി ഇനി മുതൽ ദേശീയ ഭാഷയല്ല. ബോളിവുഡ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്, തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് വിജയമുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, അതും യാഥാർഥ്യമാവുന്നില്ല. ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമകൾ എല്ലായിടത്തും എത്തുന്നുണ്ട്. ആർ.ആർ.ആർ, കെ.ജി.എഫ് എന്നിവ ഇതിനുള്ള ഉദാഹരണമാണെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു.

നേരത്തെ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News