'മമ്മൂക്കയുടെ പ്രൊഡക്ഷൻ ഹൗസിന് ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ'; 'മമ്മൂട്ടി കമ്പനി' ലോഗോ കോപ്പിയെന്ന് ആരോപണം

ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ മറ്റനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം

Update: 2023-03-17 17:14 GMT
Editor : ijas | By : Web Desk

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ വികലമായ കോപ്പിയാണെന്ന് ആരോപണം. സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിച്ചതാണെന്ന് ആരോപിച്ചിരിക്കുന്നത്.

ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനര്‍ ചെയ്തിരിക്കുന്നതെന്നും മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്മോന്‍ വാഴയില്‍ എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നും ചിത്ര സഹിതം ജോസ്മോന്‍ അടിവരയിടുന്നു. ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ മറ്റനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Advertising
Advertising

നമ്മടെ സ്വന്തം മമ്മൂക്കയുടെ 'മമ്മൂട്ടി കമ്പനി' എന്ന പ്രമുഖ പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരമെന്നും അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായി ജോസ്മോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജോസ്മോന്‍ വാഴയിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്റ്റ്രേഷനുകൾ, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ 'ഫ്രീപിക്' എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാൽ ലോഗോ/എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റീവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടി എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

അതിൻ്റെ ഉത്തമ ഉദാഹരണമാണ് 'മമ്മൂട്ടി കമ്പനി'യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി.... ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)

ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ...!! പക്ഷെ...,

നമ്മടെ സ്വന്തം മമ്മൂക്കയുടെ 'മമ്മൂട്ടി കമ്പനി' എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. സുഹൃത്ത് ലജീറ്റ് ജോണുമായി ഇതിനേക്കുറിച്ച് നേരത്തേയും ചർച്ചകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്സ് ലജീത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News