ഭൂരിപക്ഷം അംഗങ്ങള്‍ക്കും ഷമ്മി തിലകനോട് എതിര്‍പ്പ്, നടപടി ഷമ്മിക്ക് പറയാനുള്ളത് കേട്ട ശേഷം: അമ്മ ഭാരവാഹികള്‍

ഷമ്മി തിലകന് എതിരായ നടപടി അടുത്ത എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്ന് ഭാരവാഹികള്‍

Update: 2022-06-26 11:13 GMT

കൊച്ചി: നടന്‍ ഷമ്മി തിലകനെ താരസംഘടനായ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍. കുറച്ചു നാളുകളായി അമ്മയ്ക്കെതിരെ ഷമ്മി തിലകൻ ആരോപണം ഉന്നയിക്കുന്നുവെന്ന് നടന്‍ സിദ്ദിഖ് പ്രതികരിച്ചു. അംഗങ്ങളില്‍ ഭൂരിഭാഗവും ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളില്‍ എതിർപ്പ് രേഖപ്പെടുത്തി. ഷമ്മി തിലകന്റെ ഭാഗം കൂടി സംഘടന കേൾക്കും. ഷമ്മി തിലകന് എതിരായ നടപടി അടുത്ത എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഷമ്മി തിലകന്‍ ഇപ്പോഴും അമ്മയിൽ അംഗമാണ്. ജനറൽ ബോഡിയുടെ തീരുമാനം നടപ്പാക്കേണ്ടത് എക്സിക്യൂട്ടീവ് യോഗമാണെന്നും അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

Advertising
Advertising

അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ ചർച്ച മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ഷമ്മിക്കെതിരായ ആരോപണം. അച്ചടക്ക സമിതിക്ക് മുൻപാകെ ഷമ്മി വിശദീകരണം നൽകിയിട്ടില്ല. ഇന്നത്തെ യോഗത്തിൽ ഷമ്മി എത്തിയിരുന്നില്ല. അമ്മ ഭാരവാഹികളെ ആക്ഷേപിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചെന്നും ഷമ്മിക്കെതിരെ ആരോപണമുണ്ട്.

തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമ്മ സംഘടന ഗൂഢാലോചന നടത്തുന്നുവെന്ന് ഷമ്മി തിലകന്‍ നേരത്തെ ആരോപിച്ചിരുന്നു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു.

അമ്മ തൊഴിൽ ദാതാവ് അല്ലെന്നും അതിനാല്‍ ആഭ്യന്തര പരാതി പരിഹാര സെൽ അമ്മയിൽ ഉണ്ടാകില്ലെന്നും അമ്മ ഭാരവാഹികള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരള ഫിലിം ചേമ്പറിന്റെ കീഴിൽ ആകും പുതിയ കമ്മിറ്റി. നാളെ യോഗം ചേരും.സിനിമക്ക് മൊത്തമായിട്ടുള്ള കമ്മിറ്റിയാണ് രൂപീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു അമ്മയുടെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കടുത്തു. ഇതു സംബന്ധിച്ച ചോദ്യത്തിന് വിജയ് ബാബു കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. പ്രതി ആയ ആൾ സ്വയം മാറി നിൽക്കുകയാണ് ചെയ്തതെന്ന് ശ്വേത മേനോന്‍ മറുപടി നല്‍കി. അങ്ങനെ പറയുന്ന ആളെ പുറത്താക്കേണ്ട ആവശ്യം ഇല്ല. വിജയ് ബാബുവിനെ തരംതാഴ്ത്താനാണ് ശിപാർശ ചെയ്തതെന്നും ശ്വേത മേനോൻ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News