ആ സമയത്തെ വികാരങ്ങളുടെ പുറത്തു സംഭവിച്ചു പോയതാണ്,ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; യുട്യൂബര്‍ ഉണ്ണി വ്ലോഗ്സിനോട് മാപ്പ് പറഞ്ഞ് അനീഷ് അന്‍വര്‍

കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി

Update: 2024-01-30 07:39 GMT
Editor : Jaisy Thomas | By : Web Desk

അനീഷ് അന്‍വര്‍/ഉണ്ണി

താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം രാസ്തയുടെ റിവ്യൂ പറഞ്ഞതിന് യുട്യൂബര്‍ ഉണ്ണി വ്ലോഗ്സിനെ സംവിധായകന്‍ അനീഷ് അന്‍വര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. സംവിധായകന്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനീഷ്. ആ സമയത്തെ എന്‍റെ ഇമോഷന്‍സിന്‍റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണെന്നും ഉണ്ണിയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

അനീഷിന്‍റെ കുറിപ്പ്

Dears,

ഞാൻ അനീഷ് അൻവർ , എന്‍റെ പുതിയ സിനിമ "രാസ്ത" ഇറങ്ങിയപ്പോൾ "ഉണ്ണി വ്ലോഗ്സില്‍" അതിന്‍റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും , അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു .

കഴിഞ്ഞ മൂന്നാഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളർന്നു പോയിരുന്നു, അദ്ദേഹത്തിന്‍റെ അവസ്ഥയും അങ്ങിനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു . തീർച്ചയായും അദ്ദേഹത്തിന്‍റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ് .

സത്യത്തിൽ അമ്മയെ നേരിൽ കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി . എന്‍റെ മറ്റു സംഭാഷണങ്ങൾ ഉണ്ണിക്കു "ജാതി" അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനഃപൂര്‍വം ചെയ്തതല്ല. മനപ്പൂർവം അധിക്ഷേപിക്കാനോ , വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്‍റെ ഇമോഷന്‍സിന്‍റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ് . അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല , എന്‍റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ "ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. "

എന്‍റെ പ്രവർത്തി കൊണ്ട് വിഷമിച്ച "ഓരോരുത്തരോടും ഈ അവസരത്തിൽ എന്റെ ഖേദം അറിയിക്കുകയാണ് ". ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്‍റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ, എന്‍റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാർത്ഥതയോടെയാണ് ഞാൻ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്..

വിശ്വസ്തതയോടെ,

അനീഷ് അൻവർ 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News