ആ ചിത്രം പിന്നീട് ഫെസ്റ്റിവലുകള്‍ക്ക് അയച്ചില്ല: 'മായ'യുമായുള്ള വൈകാരിക ബന്ധം പങ്കിട്ട് അനി ഐ.വി ശശി

ജൂണ്‍ 11ന് യൂട്യൂബിലാണ് അനി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ റിലീസ് ചെയ്യുക.

Update: 2021-06-08 15:02 GMT
Advertising

ഐ.വി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'മായ'. തമിഴില്‍ ഒരുക്കിയ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ച മായ പിന്നീട് മത്സരങ്ങള്‍ക്കയക്കാതിരുന്നത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനിയിപ്പോള്‍. 

ഹ്രസ്വചിത്രത്തിന് പുരസ്കാരം ലഭിച്ചതിനു പിന്നാലെ അച്ഛന്‍ പങ്കുവെച്ച സന്തോഷവും അനുഗ്രഹവുമാണ് തന്നെ മായയോട് വൈകാരികമായി ബന്ധിപ്പിക്കുന്നതെന്നാണ് അനി പറയുന്നത്. 'അച്ഛന്‍ എന്‍റെ വര്‍ക്ക് എന്ന രീതിയില്‍ മായ മാത്രമെ കണ്ടിട്ടുള്ളൂ. ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള പുരസ്കാരം വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം അതീവ സന്തോഷവാനായിരുന്നു. അന്ന് ഒരുപാട് സംസാരിച്ചു. ചിരിച്ചു. പിന്നീടാണ് അച്ഛന്‍ മരിക്കുന്നത്. ഇതിനു ശേഷം മറ്റു ഫിലിം ഫെസ്റ്റിവലുകള്‍ക്കൊന്നും ഞാന്‍ ആ ചിത്രം അയച്ചില്ല,' അനി വ്യക്തമാക്കി. 

സിനിമ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഉണ്ടാകും. ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി സിനിമ ഉണ്ടാക്കൂ. അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തൂ എന്നാണ് അച്ഛന്‍ പറയാറുള്ളതെന്നും അനി കൂട്ടിച്ചേര്‍ത്തു.  

മായയുടെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അനി തന്നെയാണ്. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 11ന് യൂട്യൂബിലാണ് ചിത്രം റിലീസ് ചെയ്യുക. ഇതില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അനി സംവിധാനം ചെയ്ത തമിഴ്- തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ വന്‍ ജനശ്രദ്ധ നേടിയിരുന്നു. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലടക്കം നിരവധി പ്രിയദർശൻ ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നു അനി ശശി. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News