നിർമാതാവായി ആന്റണി പെപ്പേ; അറന്നൂറ്റിയെട്ടാം ദിവസം ആഡിസിനെ തേടി സന്തോഷവാർത്ത
എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും
കൊച്ചി : സിനിമ ഒരുക്കുക എന്ന സ്വപ്നത്തിനു പിറകേ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് അറന്നൂറ്റിയേഴു ദിവസം. എല്ലാ ദിവസവും ഇന്റസ്റ്റഗ്രാം വഴി തന്റെ ഫോളേവേഴ്സിനു ആഡിസ് അപേഡേറ്റ് അറിയിച്ചുകൊണ്ടേയിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് അവസാനമാകുന്നു. 608-ാം ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ നിർമാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാൽ ആന്റണി വർഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.
പുതിയ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട, പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നുണ്ട്. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.