ഡോണ്‍ ലുക്കില്‍ ദിലീപ്; ബാന്ദ്രയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത്

ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്

Update: 2022-10-27 09:45 GMT
Editor : Jaisy Thomas | By : Web Desk

രാമലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന 'ബാന്ദ്രയുടെ' ഫസ്‍റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തികച്ചും വ്യത്യസ്ത ലുക്കിലുള്ള ദിലിപീനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. കറുത്ത ഷര്‍ട്ടും പാന്‍റും ധരിച്ച് തോക്കും പിടിച്ച് ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ അവതരണം. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ളതാണ്.

Advertising
Advertising

ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ നിർമാണം വിനായക അജിത്താണ്. തെന്നിന്ത്യന്‍ നടി തമന്നയാണ് ചിത്രത്തിലെ നായിക. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ബാന്ദ്രയിലുണ്ട്. ദിലീപിന്‍റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. പി.ആര്‍.ഒ-വാഴൂർ ജോസ്.

Full View

അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ രാമലീല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്ന സമയത്താണ് ചിത്രം റിലീസാകുന്നത്. ചിത്രം വന്‍വിജയമാവുകയും ചെയ്തു. മുകേഷ്, രാധിക ശരത്കുമാര്‍, പ്രയാഗ മാര്‍ട്ടിന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം 'വോയ്സ് ഓഫ് സത്യനാഥൻ' ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ദിലീപ് ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ദിലീപും റാഫിയും വീണ്ടും ഒന്നിച്ചെത്തുന്നത്. വോയ്‌സ് ഓഫ് സത്യനാഥനിൽ ദിലീപിന് ഒപ്പം ജോജു ജോർജും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News