സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; മമ്മൂട്ടിയുടെ നായികയായി ആശ ശരത്തും

ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുന്‍ നായകനായി മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന 'വിരുന്ന്' എന്ന ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം.

Update: 2021-05-26 15:02 GMT

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ സി.ബി.ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുകയാണ് മലയാളികളുടെ പ്രിയതാരവും നര്‍ത്തകിയുമായ ആശ ശരത്ത്. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ യുടെ അഞ്ചാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് താരം. നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന്‍ കെ. മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. അഞ്ചാം പതിപ്പിനും എസ്.എന്‍ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, സൗബിന്‍, സായ്കുമാര്‍ എന്നിവര്‍ക്ക് പുറമെ ഏറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Advertising
Advertising

അതേസമയം, പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന 'വിരുന്ന്' എന്ന ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്‍റ് ഡാനിയേലിനു ശേഷം അര്‍ജ്ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ദിനേശ് പള്ളത്തിന്‍റേതാണ് കഥ, തിരക്കഥ, സംഭാഷണം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ വിരുന്നിന്‍റെ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വര്‍ഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ബി.കെ ഹരിനാരായണന്‍, റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന. പി.ആര്‍.ഒ പി.ആര്‍ സുമേരന്‍. 

തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ടു ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ആശ ശരത്ത്. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍. മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അര്‍ജ്ജുനെയും ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News