‘ഞാൻ പേളി മാണി, എന്‍റെ ഇഷ്ടനിറം കാവി';സിജെപി പ്രതിഷേധത്തിനെതിരെ പ്രതികരിച്ച പേളിക്ക് വിമര്‍ശനം

ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല. ഓരോ വിദ്യാർഥിയും പലരുടെയും മകനോ മകളോ ആണ്

Update: 2026-07-24 13:07 GMT

കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര്‍ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച്  അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത് എന്നാണ് വിമര്‍ശനം. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി സോഷ്യൽമീഡിയയിൽ ബ്ലോക്ക് ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

"കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. ‍ നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക.

Advertising
Advertising

ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല. ഓരോ വിദ്യാർഥിയും പലരുടെയും മകനോ മകളോ ആണ്. പലരുടെയും സ്വപ്നമാണ്. പലരുടെയും ലോകമാണ്. സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടതെന്ന് മറ്റു പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം. സമാധാനപരമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം.

എന്നാല്‍, ഈ മുന്നേറ്റത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും മങ്ങിപ്പോകരുത് എന്നാണ് എന്റെ ആഗ്രഹം. ഒരു മുന്നേറ്റം ഇത്രയും ശ്രദ്ധിക്കപ്പെടുമ്പോൾ വികാരങ്ങൾ ശക്തമാകുകയും, പലവിധ അഭിപ്രായങ്ങൾ ഉയർന്നുവരികയും, ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ ശ്രദ്ധ എല്ലായ്പ്പോഴും വിദ്യാർത്ഥികളിലേക്കും ഭാവിയെക്കുറിച്ച് അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലേക്കും തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം.

സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ, അക്രമം ആരുടെ ഭാഗത്തുനിന്ന് വന്നാലും ഞാൻ അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല. ഇത്തരം മുന്നേറ്റങ്ങൾ ചരിത്രത്തിൽ ഓർമിക്കപ്പെടുക, അത് എന്തിനുവേണ്ടി നടന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമല്ല, അത് എങ്ങനെയാണ് മുന്നോട്ടുപോയത് എന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ്. വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ, വേദനയും ഭയവും ഭിന്നിപ്പുമല്ല, മറിച്ച് അവിടെ കാണിച്ച ധൈര്യവും അനുകമ്പയും, രാജ്യത്ത് നല്ല മാറ്റങ്ങൾ വരുത്താൻ മുന്നിട്ടിറങ്ങിയ ഒരു തലമുറയെയുമാണ് നമ്മൾ ഓർക്കേണ്ടത്. ഈ വിഷയത്തിൽ എന്റെ അഭിപ്രായം പങ്കുവെക്കണമെന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടു.

ചിലർ എന്നെ പ്രോത്സാഹിപ്പിച്ചു. മറ്റുചിലർ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ടും ഞാൻ മനസിലാക്കുന്നു. എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, വളരെ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും സംസാരിക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

എല്ലാത്തിനുമുപരിയായി, സമാധാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും, ഓരോ ഉദ്യോഗസ്ഥന്റെയും, ഓരോ പൗരന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. വിവേകം നമ്മെ നയിക്കട്ടെ. കരുണ നമ്മെ ഒന്നിപ്പിക്കട്ടെ. ഓരോ കുട്ടിക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും, തുല്യ അവസരങ്ങളും, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു ഭാവി നമുക്ക് ഒരുമിച്ച് പടുത്തുയർത്താൻ കഴിയട്ടെ. അവസാനമായി ഒരു കാര്യം കൂടി...

എനിക്ക് അറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. ഇതു സംബന്ധിച്ച്, നാളെ പുതിയ വിവരങ്ങളോ വസ്തുതകളോ പുറത്തുവന്നാൽ, അതേക്കുറിച്ച് പഠിക്കാനും, ആലോചിക്കാനും, ആവശ്യമെങ്കിൽ എന്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ ബലഹീനതയായി കാണുന്നില്ല. മറിച്ച്, വളർച്ചയുടെയും ഉത്തരവാദിത്തബോധത്തിന്റെയും അടയാളമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ, എന്റേത് ഉൾപ്പെടെ ആരുടെയും അഭിപ്രായം അന്ധമായി നിങ്ങൾ പിന്തുടരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. അറിവ് നേടുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തം നിലപാട് സ്വയം രൂപപ്പെടുത്തുക. നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ വ്യക്തി നിങ്ങളായിരിക്കട്ടെ. എല്ലായിടത്തും സ്നേഹവും നൻമയും ഉണ്ടാകട്ടെ", എന്നാണ് പേളി മാണി കുറിച്ചത്.

പേളിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യൽമീഡിയയിൽ ഉയര്‍ന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങളും പേളിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറഞ്ഞു. ഇതോടെ അക്കൗണ്ടിലെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് പേളി. വിമര്‍ശനങ്ങൾക്ക് മറുപടിയായി മറ്റൊരു പോസ്റ്റും പേളി തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.

''എന്റെ പോസ്റ്റിന് ഒരു ട്രിഗർ മുന്നറിയിപ്പ് നൽകേണ്ടിയിരുന്നുവെന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കിയിരിക്കുന്നു. സമാധാനവും സുരക്ഷയും അഹിംസയും വേണമെന്ന എന്റെ നിലപാട് ഇത്രയധികം ആളുകളെ അസ്വസ്ഥരാക്കിയിരിക്കുന്നു. ഈ ആളുകൾ ആരാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു!

ഒരു പരാജയപ്പെട്ട സിനിമാ സംവിധായകൻ ഇപ്പോൾ എന്‍റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് പത്ത് പേജുള്ള തിരക്കഥ എഴുതുകയാണ്. അതിനെ കഴിയുന്നത്ര വിഷമയമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു.

എന്റെ പ്രിയപ്പെട്ടത്. ചിലർ പരിഹാസത്തോടെ എന്റെ രണ്ട് കുട്ടികളും ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു... അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം... അതിന് എന്താണ്? എന്റെ പ്രസ്താവന മാറ്റാൻ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ?

അതിന് ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരും. നിങ്ങൾ തെറ്റായ ആളെയാണ് വെല്ലുവിളിക്കുന്നത്. നിങ്ങൾ എനിക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകേണ്ടതില്ല. അത് എനിക്ക് ഇതിനകം ഉണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും!നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്! നമ്മുടെ ഇന്ത്യൻ പതാകയിലാണ് ആ നിറം എനിക്ക് ഏറ്റവും മനോഹരമായി തോന്നുന്നത്.

ഈ പോസ്റ്റും ചര്‍ച്ചയായതോടെ സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ പേളിക്കെതിരെ വീണ്ടും രംഗത്തെത്തി. പേളിയുടെ ആദ്യ പോസ്റ്റിനെതിരെ ഏഴ് പേജില്‍ വിമര്‍ശനം ഉന്നയിച്ചത് ജോ സിബി മലയിലായിരുന്നു.

'ആ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്റെ അച്ഛനാണ്. ആരോടാണ് ഡീല്‍ ചെയ്യുന്നതെന്ന് ആദ്യമേ പരിശോധിക്കുക. പോസ്റ്റിലെ 7 സ്ലൈഡുകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം മടി ഉണ്ടായിരിക്കണം? നിങ്ങളുടെ പാതി വെന്ത നയതന്ത്രജ്ഞത നിങ്ങളുടെ 5.7 മില്യണ്‍ ഫോളോവേഴ്‌സും വായിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ 7 സ്ലൈഡ് ഉള്ള ഈ പോസ്റ്റ് നിങ്ങള്‍ക്ക് വളരെ ദീര്‍ഘമാണ്? നിങ്ങള്‍ ഇതിനെ വ്യക്തിപരമായി എടുത്ത സ്ഥിതിക്ക് കളി ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന്‍ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്, എന്നായിരുന്നു ജോ സിബി മലയിലിന്റെ പ്രതികരണം.

തുടര്‍ന്ന് പേളി സിബി മലയിലിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തി. എന്നാല്‍ പേളി ഉദ്ദേശിച്ചത് വിമര്‍ശനം ഉന്നയിച്ച ജോ സിബി മലയിലിനെ ആണെന്ന് മറുവിഭാഗം തിരുത്തുന്നു.

ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം കണ്ട് തനിക്കെതിരെ പോസ്റ്റ് ഇട്ടത് സിബി മലയില്‍ ആണെന്ന് പേളി തെറ്റിദ്ധരിച്ചതാവാമെന്നാണ് ഒരു വാദം. തെറ്റിദ്ധരിച്ചതാണെങ്കിലും സിബി മലയിലിനെയാണോ പേളി പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതെന്നും ചിലര്‍ ചോദിക്കുന്നു.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News