കൊച്ചി: ഡൽഹി ജന്തര്‍ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരത്തെ പിന്തുണച്ച നടൻ മോഹൻലാലിന്‍റെ മകൾ വിസ്മയക്കെതിരെ സൈബര്‍ ആക്രമണം. അച്ഛന്‍റെ വില കളഞ്ഞ മകളെന്നാണ് കമന്‍റുകളിൽ നിറയുന്നത്. പ്രധാനമായും ഫേസ്ബുക്കിലൂടെയാണ് ആക്രമണം. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്.
ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും കുറിപ്പില്‍ നല്‍കുന്നു.
വിസ്മയയുടെ ഫേസ്ബുക്ക് പേജിലും നെഗറ്റീവ് കമന്‍റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. '' പൃഥ്വിരാജിന്‍റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും, തുടക്കം പാളിയല്ലോ? ഇനി എന്തുചെയ്യും മല്ലയ്യാ? അപ്പൻ ആനക്കൊമ്പ് കൈവശം വെച്ചത് കുറ്റം അല്ലേ മോളെ... അതോ അപ്പന് അവാർഡ് കിട്ടാഞ്ഞിട്ടാണോ കേന്ദ്രസർക്കാരിനെതിരെ മോൾ ഇറങ്ങിയിരിക്കുന്നത്, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ ചേച്ചി... അതോ? എന്തായാലും മതിയായി ഇനി ഞാനും എൻറെ കുടുംബവും ഫ്രണ്ട്സും തിയേറ്ററിലേക്ക് ഇല്ല, തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവളാ ഇവൾ,ചില മക്കൾ പിതാവിന്റെ അന്തകരാവും, ഇത്രയും കാലം ചേച്ചി എവിടേ ആയിരുന്നു പെട്ടെന്ന് ഒരു പൗര ബോധം'' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
എന്നാൽ വിസ്മയക്ക് പിന്തുണയറിയിച്ചും ഒരു വിഭാഗം എത്തുന്നുണ്ട്. ''ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണം. ഇത് ജനാധിപത്യ ഇന്ത്യയാണ്.വിസ്മയ മോഹൻലാലിന് അഭിനന്ദനങ്ങൾ, ഏട്ടനെ പോലെ അല്ല പ്രതികരണശേഷി ഉണ്ട്, ഇന്നുമുതൽ മോഹൻലാലും മകളും രാജ്യദ്രോഹികൾ... ഇഡി ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്... പിന്നെ ആനക്കൊമ്പ് കേസ് അന്വേഷിക്കാൻ സിബിഐ വരും... താൻ തീർന്നെഡോ.. തീർന്ന്, സംഘികളുടെ അടുത്ത രാജ്യദ്രോഹി...'' ചിലരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
അതേസമയം ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, പ്രാച്ചി തെഹ്‍ലാൻ, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവരും സിജെപി സമരത്തെ പിന്തുണച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്, നടിമാരായ സിജ റോസ്, നോയ്ല ഫ്രാൻസി എന്നിവർ സിജെപി സംഘടിപ്പിച്ച പാർലമെന്‍റ് മാര്‍ച്ചിൽ പങ്കെടുത്തിരുന്നു.