കൂടുതല്‍ മികവോടെ മണിരത്നത്തിന്‍റെ 'ഇരുവര്‍' വീണ്ടും പ്രേക്ഷകരിലേക്ക്

8 കെ ഡിജിറ്റൈസേഷനിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

Update: 2021-06-30 06:38 GMT
Editor : Jaisy Thomas | By : Web Desk

മണിരത്നത്തിന്‍റെ ക്ലാസിക് ചിത്രമായ 'ഇരുവര്‍' വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഇനി കൂടുതല്‍ തെളിമയോടെ, മികവോടെ മണിരത്നം-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഇരുവര്‍ കാണാം. 8 കെ ഡിജിറ്റൈസേഷനിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. തിയറ്റർ റിലീസുകൾ പുനരാരംഭിക്കുമ്പോൾ റീ ഡിജിറ്റൈസ് ചെയ്ത പതിപ്പ് തിയറ്ററുകളിലേക്ക് എത്തും.



മണിരത്നത്തിന്‍റെ മാത്രമല്ല, മോഹന്‍ലാലിന്‍റെയും പ്രകാശ് രാജിന്‍റെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഇരുവര്‍. 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എം. കരുണാനിധിയുടെയും എംജി രാമചന്ദ്രന്‍റെയും യഥാർത്ഥ ജീവിത കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ഇരുവര്‍. ഐശ്വര്യ റായിയുടെ ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ രേവതി, ഗൌതമി,നാസര്‍,തബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertising
Advertising



ലാലിന്‍റെയും പ്രകാശ് രാജിന്‍റെയും മത്സരിച്ചുള്ള അഭിനയം, സന്തോഷ് ശിവന്‍റെ ഛായാഗ്രഹണം, എ.ആര്‍ റഹ്മാന്‍റെ സംഗീതം തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്ള ചിത്രമായിരുന്നു ഇരുവര്‍. ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് പ്രകാശ് രാജിനും ഛായാഗ്രാഹകനുള്ള പുരസ്കാരം സന്തോഷ് ശിവനും ലഭിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴ് കൂടാതെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News