‘അച്ഛന്റെ കുടുംബപ്പേര് വേണ്ടേ?’ ദീപികയുടെയും രൺവീറിന്റെയും മക്കളുടെ പേരിൽ വിവാദം
മക്കൾക്ക് ദീപികയുടെ കുടുംബപ്പേര് നൽകുന്നതിനെ ചോദ്യം ചെയ്താണ് ചിലർ രംഗത്തെത്തിയത്
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും മക്കൾക്ക് നൽകുന്ന കുടുംബപ്പേരിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച.
മക്കളുടെ പേരിനൊപ്പം അമ്മയുടെ കുടുംബപ്പേരായ ‘പദുക്കോൺ’ ചേർക്കുന്നതിനെച്ചൊല്ലിയാണ് റെഡ്ഡിറ്റിൽ ചർച്ച സജീവമായത്. ദമ്പതികളുടെ വ്യക്തിപരമായ തീരുമാനത്തെ വിമർശിക്കുന്നതെന്തിനാണെന്ന ചോദ്യവുമായി പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടി.
‘Let DP and RS breathe peacefully’ എന്ന തലക്കെട്ടിൽ പങ്കുവെച്ച പോസ്റ്റിൽ ദീപികയുടെയും രൺവീറിന്റെയും കുടുംബകാര്യങ്ങളിൽ ആളുകൾ അനാവശ്യമായി ഇടപെടുന്നതിനെ ചോദ്യം ചെയ്തു. എന്നാൽ, പോസ്റ്റിന് താഴെ മക്കളുടെ കുടുംബപ്പേര് സംബന്ധിച്ച ചർച്ചകളും വിമർശനങ്ങളും ഉയർന്നു.
മക്കൾക്ക് ദീപികയുടെ കുടുംബപ്പേര് നൽകുന്നതിനെ ചോദ്യം ചെയ്താണ് ചിലർ രംഗത്തെത്തിയത്. രൺവീറിന്റെ കുടുംബപ്പേര് ഭവ്‌നാനി എന്നല്ലേയെന്നും മക്കൾക്ക് അത് നൽകാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു ഒരാളുടെ ചോദ്യം.
താരങ്ങളുടെ വ്യക്തിജീവിതത്തിലെ തീരുമാനങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.താരങ്ങളുടെ കാര്യത്തിൽ വ്യക്തിപരമായ കാര്യങ്ങൾ പൊതുവിമർശനത്തിനും ചർച്ചകൾക്കും വിധേയമാകുന്നതും പതിവാണ്.ദീപികയുടെയും രൺവീറിന്റെയും മക്കളുടെ കുടുംബപ്പേരുമായി ബന്ധപ്പെട്ട ചർച്ചയും ഇതിന്റെ ഉദാഹരണമാണ്.
വിവാഹശേഷം തന്റെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുമ്പൊരു അഭിമുഖത്തിൽ ദീപിക നൽകിയ മറുപടിയും ശ്രദ്ധേയമാണ്. തന്റെ പേര് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ താരം, രൺവീറിനെ ഇനി മുതൽ ‘രൺവീർ സിങ് ഭവ്‌നാനി ദീപിക പദുക്കോൺ’ എന്ന് വിളിക്കാമെന്നും തമാശരൂപേണ പറഞ്ഞിരുന്നു.
ആറുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2018 നവംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായത്. കൊങ്കണി, സിന്ധി ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. ബോളിവുഡിലെ ശ്രദ്ധേയമായ താരവിവാഹങ്ങളിലൊന്നായിരുന്നു ഇത്. 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു.