'ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു'; പി.കെ.ആര്‍ പിള്ളയെ അനുസ്മരിച്ച് മോഹന്‍ലാല്‍

ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിൽ മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും ഉൾപ്പെടെ ബോക്സോഫീസിൽ ചരിത്രം തിരുത്തിക്കുറിച്ച ഒട്ടേറെ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്

Update: 2023-05-16 14:10 GMT
Advertising

അന്തരിച്ച പ്രശ്‌സത നിർമാതാവ് പി.കെ.ആർ പിള്ളയെ അനുസ്മരിച്ച് നടൻ മോഹൻ ലാൽ. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

'എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്‌നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്'. അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ പി.കെ.ആർ പിള്ളയെ അനുസ്മരിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് പി.കെ ആര്‍ പിള്ള അന്തരിച്ചത്. ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിൽ മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും ഉൾപ്പെടെ ബോക്സോഫീസിൽ ചരിത്രം തിരുത്തിക്കുറിച്ച ഒട്ടേറെ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മുംബൈയിലെ ബിസിനസിലൂടെ ശ്രദ്ധേയനായ പിള്ള എല്ലാ മേഖലകളിലും വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു .

ഇന്ദിരാഗാന്ധിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ചരിത്രവുമുണ്ട് . ബിസിനസിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്. ഷിർദി സായി ബാബയുടെ കടുത്ത ഭക്തനായിരുന്ന പിള്ള തൻറെ ജന്മനാടായ കൂത്താട്ടുകുളത്ത് വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും അതേ പേരിൽ ഒരു ഓഡിറ്റോറിയവും നിർമ്മിച്ചിരുന്നു.

തത്തമ്മേ പൂച്ച പൂച്ച , വെപ്രാളം , ഓണത്തുമ്പിക്കൊരൂഞ്ഞാൽ , പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ , ശോഭ്രാജ് , അമൃതം ഗമയ, ചിത്രം , വന്ദനം , അർഹത , അഹം , കിഴക്കുണരും പക്ഷി, , റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ എന്നിവയാണ് പി.കെ. ആർ പിള്ള നിർമ്മിച്ച ചിത്രങ്ങൾ. രമയാണ് ഭാര്യ.മക്കൾ-രാജേഷ്, പ്രീതി, സാജു,സിദ്ധു. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018ൽ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ രൂപം

''എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News