'ഷാരൂഖ് എന്നെ അഞ്ച് സിനിമകളിൽ നിന്ന് പെട്ടെന്ന് ഒഴിവാക്കി, ഒരു വിശദീകരണവും തന്നില്ല'; ഐശ്വര്യ റായ്

ആ സമയത്ത്, ഞാൻ തീർത്തും അത്ഭുതപ്പെടുകയും ആശയക്കുഴപ്പത്തിലാവുകയും സങ്കടപ്പെടുകയും ചെയ്തു

Update: 2026-09-30 05:38 GMT

മുംബൈ: ജോഷ്, മുഹബത്തേൻ, ദേവദാസ് തുടങ്ങി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ജോഡിയാണ് ഷാരൂഖ്-ഐശ്വര്യ റായ് ജോഡി. ഇരുവരും തമ്മിൽ അടുത്ത സൗഹൃദവുമുണ്ടായിരുന്നു. എന്നാൽ 2003ൽ റിലീസ് ചെയ്ത 'ചൽത്തേ ചൽത്തേ' ഉൾപ്പെടെയുള്ള ചില ഹിറ്റ് ചിത്രങ്ങളിൽ നിന്ന് ഷാരൂഖ് ഐശ്വര്യയെ ഒഴിവാക്കിയതോടെ ഇരുവരും തമ്മിൽ പ്രൊഫഷണൽ അകൽച്ച ഉണ്ടായി. തുടർന്ന് 'ചൽത്തേ ചൽത്തേ'യിൽ ഐശ്വര്യയ്ക്ക് പകരം റാണി മുഖർജിയാണ് അഭിനയിച്ചത്.

വർഷങ്ങൾക്ക് മുമ്പ് റെൻഡെസ്വസ് വിത്ത് സിമി ഗരേവാൾ എന്ന ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഷാരൂഖിന്‍റെ ചില സിനിമകളിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്താക്കിയതിനെക്കുറിച്ച് ഐശ്വര്യ തുറന്നുപറഞ്ഞിരുന്നു. "എനിക്ക് അതിന് എങ്ങനെ ഉത്തരം നൽകാൻ കഴിയും? അതെ, ആ സമയത്ത് ഞങ്ങൾ ഒന്നിച്ച് അഭിനയിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ പിന്നീട് യാതൊരു വിശദീകരണവുമില്ലാതെ പെട്ടെന്ന് ആ പ്രൊജക്ടുകൾ നടക്കാതെയായി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നതിന് എനിക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല." എന്നാണ് നടി പറഞ്ഞത്. ഐശ്വര്യയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഷാരൂഖ് ഖാൻ പണ്ടൊരു അഭിമുഖത്തിൽ സമ്മതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും ആ സിനിമകളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

Advertising
Advertising

'ചൽത്തേ ചൽത്തേ'യിലേക്ക് ആദ്യം തെരഞ്ഞെടുത്തിരുന്നത് ഐശ്വര്യാ റായിയെ ആയിരുന്നു. ഷാരുഖ് ഖാനും ജൂഹി ചാവ്‍ലയും ചേർന്നുള്ള 'ഡ്രീംസ് അൺലിമിറ്റഡ്' എന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ഷൂട്ടിംഗ് ആരംഭിച്ച് പകുതിയായപ്പോഴാണ് ഐശ്വര്യയ്ക്ക് പകരം റാണി മുഖർജി എത്തിയത്. അതേസമയം, ഈ വിഷയത്തിൽ സൽമാൻ ഖാന് പങ്കുണ്ടെന്ന് ഷാരുഖോ ഐശ്വര്യയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അന്നത്തെ തന്‍റെ മാനസികാവസ്ഥയെക്കുറിച്ച് ഐശ്വര്യാ റായ് സിമി ഗാരെവാളിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. "കാരണം വ്യക്തമല്ലാതിരുന്ന ആ സമയത്ത്, ഞാൻ തീർത്തും അത്ഭുതപ്പെടുകയും ആശയക്കുഴപ്പത്തിലാവുകയും സങ്കടപ്പെടുകയും ചെയ്തു. പക്ഷേ ഇതിനെക്കുറിച്ച് ഒരാളോട് ചെന്നു ചോദിക്കുന്ന സ്വഭാവം എനിക്കില്ല. കാര്യം വിശദീകരിക്കണമെന്ന് ആ വ്യക്തിക്ക് തോന്നുകയാണെങ്കിൽ അവർ ചെയ്യും. അതുണ്ടായില്ലെങ്കിൽ അവർക്കതിന് ഉദ്ദേശമില്ലെന്നാണ് അർത്ഥം. അതുകൊണ്ട് 'എന്തുകൊണ്ട്, എന്താണ് സംഭവിച്ചത്' എന്ന് ചോദിച്ചു പോകുന്നത് എന്റെ ശൈലിയല്ല. ദൈവാനുഗ്രഹത്താൽ, മറ്റൊരാളുടെ തീരുമാനങ്ങളല്ല എന്റെ വ്യക്തിത്വത്തെ നിർണയിക്കുന്നത്." ഈ ചിത്രങ്ങൾ നഷ്ടപ്പെട്ടപ്പോഴും താൻ കരിയറിൽ ഒറ്റപ്പെട്ടുപോയില്ലെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു. "ഈ സിനിമകൾ കൈവിട്ടുപോയെങ്കിലും കരിയറിൽ ഒന്നും ചെയ്യാനില്ലാതെ, 'ഇനി ഇപ്പോൾ എന്ത്, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു' എന്ന് ആലോചിച്ച് വിഷമിച്ചിരിക്കേണ്ട ഒരു സാഹചര്യം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല." എന്നാണ് ഐശ്വര്യ പറഞ്ഞത്.

പിന്നീട് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയതിൽ ഷാരൂഖ് ഖേദം പ്രകടിപ്പിക്കുകയും തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. "ഒരാളെ വച്ച് പ്രൊജക്ട് തുടങ്ങിയ ശേഷം അവരുടെ ഭാഗത്തുനിന്ന് യാതൊരു തെറ്റുമില്ലാതെ മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഐശ്വര്യ നല്ലൊരു സുഹൃത്തായതുകൊണ്ട് തന്നെ ഇതിൽ വലിയ വിഷമമുണ്ട്. വ്യക്തിപരമായി ഞാൻ ചെയ്തത് തെറ്റാണെന്നാണ് കരുതുന്നത്. എന്നാൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ ആ തീരുമാനത്തിന് പ്രസക്തിയുണ്ടായിരുന്നു. ഞാൻ ആഷിനോട് മാപ്പുപറയുകയും ചെയ്തു.

വ്യക്തിപരമായി കാര്യങ്ങൾ ഈയൊരു തലത്തിലേക്ക് എത്തിയതിൽ എനിക്ക് വലിയ സങ്കടമുണ്ട്, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. എന്നാൽ നിർമാതാവ് എന്ന നിലയിൽ എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഞാൻ മാത്രമായിരുന്നില്ല ചിത്രത്തിന്റെ നിർമാതാവ്. നിർമാണത്തിൽ കൂടെയുള്ള സംഘവും ഇത്തവണ ഞങ്ങൾക്കൊപ്പം പങ്കാളികളായ യുടിവിയും ഉണ്ടായിരുന്നു. 10-11 ആളുകൾ ചേർന്നടുത്ത കൂട്ടായ തീരുമാനമായിരുന്നു അത്. ആ സമയത്ത് നിർമാതാക്കൾ എന്ന നിലയിൽ ഞങ്ങൾ സാമ്പത്തികമായി വലിയ നേട്ടത്തിലുമായിരുന്നില്ല. അതുകൊണ്ടുതന്നെ നിർമാണക്കമ്പനിയുടെ ഭാവി കൂടിയായിരുന്നു അവിടെ അനിശ്ചിതത്വത്തിലായത്'' ഷാരൂഖ് ഖാൻ വിശദീകരിച്ചു.

2016ൽ പുറത്തിറങ്ങിയ കരൺ ജോഹറിന്‍റെ റൊമാന്‍റിക് ഡ്രാമ ചിത്രമായ ഏ ദിൽ ഹേ മുഷ്കിലാണ് ഐശ്വര്യ റായിയും ഷാരൂഖ് ഖാനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് .രൺബീര്‍ കപൂര്‍, അനുഷ്ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെട്ടത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News