നടന്‍ രാജ്മോഹന്‍ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍

കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്‌മോഹൻ

Update: 2022-07-18 07:52 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹൻ (88) അന്തരിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്‌മോഹൻ. ഒ ചന്തു മേനോന്‍റെ 'ഇന്ദുലേഖ' എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്‌മോഹൻ അവതരിപ്പിച്ചത്. വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചതിന് ശേഷം സിനിമ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. പരിചരിക്കാൻ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു. ജൂലൈ നാലിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertising
Advertising

കലാനിലയം കൃഷ്ണന്‍ നായരായിരുന്നു ഇന്ദുലേഖയുടെ സംവിധാനം. ആദ്യം സിനിമയിലെ നായകനുവേണ്ടി പത്രത്തിലൊക്കെ പരസ്യം ചെയ്തെങ്കിലും ഒടുവിൽ തന്‍റെ മകളുടെ ഭർത്താവായ രാജ്മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്സാണു സിനിമ നിർമിച്ചത്. 1967 ഫെബ്രുവരി 10നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ശങ്കരാടി, അരവിന്ദാക്ഷ മേനോന്‍, കൊടുങ്ങല്ലൂർ അമ്മിണിയമ്മ, ശ്രീകല, ചേർത്തല രാമൻ നായർ, വൈക്കം മണി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. പിന്നീട് കുറച്ചു സിനിമകളിലും രാജ്മോഹന്‍ മുഖം കാണിച്ചിരുന്നു.  എം.എ,എല്‍.എല്‍.ബി ബിരുദധാരിയായിരുന്നു. 

സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. മക്കളും ഇല്ലായിരുന്നു. സർക്കാരിന്‍റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമ മേഖലയിലുള്ളവരെങ്കിലും പഴയ നടനെ സഹായിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ശിഷ്യർ. അവസാനകാലത്ത് സീരിയലിൽ ചെറിയ വേഷമെങ്കിലും കിട്ടിയാൽ അഭിനയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News