'ഞാൻ ജോർജ് കുട്ടിയെ ചതിക്കുന്നില്ല, സത്യത്തിൽ, നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ'; കുറിപ്പുമായി ഇര്‍ഷാദ്

അയ്യോ ചതിക്കാനോ, ഞാനോ! എന്ന് ഉള്ളിൽ തോന്നിയെങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല

Update: 2026-06-22 04:59 GMT

തൃശൂര്‍: മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിലെത്തിയ നടനാണ് ഇര്‍ഷാദ് അലി. നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ദൃശ്യം 3യാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. സുരേഷ് ബാബു എന്ന റിട്ടേയഡ് പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇര്‍ഷാദ് അവതരിപ്പിച്ചത്.

ഇര്‍ഷാദിന്‍റെ മുൻകാല കഥാപാത്രങ്ങളെ നോക്കുമ്പോൾ നായകനെ ചതിക്കുന്നതാണ് പതിവ്. പക്ഷേ ദൃശ്യം 3യിൽ ജോര്‍ജുകുട്ടിക്കൊപ്പം കട്ടക്ക് നിൽക്കുന്ന കഥാപാത്രമായിട്ടാണ് ഇര്‍ഷാദ് എത്തിയത്. എന്നാൽ താനൊരിക്കലും ജോര്‍ജുകുട്ടിയെ ചതിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇര്‍ഷാദ്.ഫേസ്ബുക്കിലാണ് രസകരമായ കുറിപ്പ് പങ്കുവച്ചത്.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സത്യത്തിൽ നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ.....സക്കീർ ഹുസൈനെ കാണാൻ ബലരാമൻ കൊച്ചിയിലെ വീട്ടിൽ വരുമ്പോൾ വീടിനു മുന്നിൽ വെള്ള പൈജാമയും ജുബ്ബയുമിട്ടു നിന്നിരുന്ന ഡ്രൈവറുടെ നെറ്റിയിൽ ഒരു 'ഫോർ സെയിൽ' ബോർഡ് രഞ്ജിയേട്ടൻ എഴുതിവെച്ചിരുന്നില്ല. ബലരാമൻ അത് വായിച്ചു എന്ന് പറഞ്ഞത് അസ്സൽ കള്ളമായിരുന്നു. നിഷ്കളങ്കനായ ഒരു പാവം ഡ്രൈവർ മാത്രമായിരുന്നു അന്ന് ഞാൻ.

ക്ലൈമാക്സ്‌ രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളിൽ ഒരു ദിവസം രഞ്ജിയേട്ടൻ എന്നോട് വന്നു പറഞ്ഞു, "വെറുമൊരു ഡ്രൈവറായ നീ സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളിൽ മായാതെ നിൽക്കാൻ ഒരു ട്വിസ്റ്റ്‌ ഞാൻ കണ്ടു പിടിച്ചു, നീ സക്കീർ ഹുസൈനെ ഒറ്റിക്കൊടുക്കുന്നു." എഴുത്തുകാരന്‍റെ അപാരമായ സെൻസ് പ്രവർത്തിച്ചപ്പോൾ ഉണ്ടായതാണ് ബലരാമന്‍റെ വാക്കുകളിൽ നിന്ന് വന്ന ആ 'ഫോർ സെയിൽ' ബോർഡ്.

മറ്റൊരിക്കൽ, രണ്ടു എക്സിക്യൂട്ടീവ് മെമ്പർമാർ ഒപ്പിട്ടാൽ ലൈഫ് മെമ്പർഷിപ്പ് പാസാകുന്ന കാലത്താണ് ഞാൻ അമ്മ (AMMA)സംഘടനയിൽ ജോയിൻ ചെയ്യാനുള്ള ആപ്ലിക്കേഷൻ വാങ്ങുന്നത്. ശ്രീരാമേട്ടനാണ് പറഞ്ഞത്, 'രാവണപ്രഭു 'വിൽ അഭിനയിക്കാൻ കോയമ്പത്തൂർ പോകുന്നുണ്ട്, അവിടെ മോഹൻലാലും ഇന്നസെന്റും വിജയരാഘവനുമൊക്കെയുണ്ട്, കൂടെ വന്നാൽ ഒപ്പ് വാങ്ങാം. അതിന് വേണ്ടിയാണ് കാർത്തികേയന്റെ ആ വീട്ടിൽ ഞാൻ ചെല്ലുന്നത്.

ഒപ്പ് വാങ്ങി മടങ്ങാൻ നേരം അപ്രതീക്ഷിതമായി രഞ്ജിയേട്ടൻ എന്നോട് ഡ്രസ്സ്‌ മാറാൻ പറഞ്ഞു. കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിലെ ആളുകൾ വന്ന് ഒരു മുണ്ടും ഷർട്ടും തന്നു. ആർട്ട് ടീം തന്ന സിഗരറ്റും വലിച്ച് ഞാൻ നിൽക്കുമ്പോൾ "മുണ്ടക്കലീന്ന് അയച്ച വണ്ടിയല്ലേ?" എന്ന് ചോദിച്ചുകൊണ്ട് അതാ വരുന്നു, 'സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ'.

സത്യമായും എനിക്ക് അറിയില്ലായിരുന്നു, മലയാളികൾ നെഞ്ചിലേറ്റി കൊണ്ടു നടക്കുന്ന ആ 'ഫ്യൂഡൽ തെമ്മാടി'യെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കാൻ കൊണ്ട് പോവുകയായിരുന്നു ഞാനെന്ന്. നീലകണ്ഠനെ കണ്ട ഉടനെ ഭയഭക്തി ബഹുമാനത്തോടെ സിഗരറ്റ് കുത്തി കെടുത്തിയ ആ ഞാൻ അങ്ങനെ ചെയ്യുമെന്ന് നിങ്ങൾ കരുതിയിരുന്നോ? സത്യമായും എന്റെ ഉള്ളിൽ അങ്ങനെയൊരു ചിന്ത പോലുമില്ലായിരുന്നു! പക്ഷേ, മുണ്ടക്കൽ ശേഖരന്റെ ആളായി മാറാൻ എനിക്ക് വിധി ഉണ്ടായിരുന്നു. 'ദൃശ്യം 3' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ദിവസം, ഇന്റർവെൽ സമയത്ത് മൂത്രമൊഴിക്കാൻ നിൽക്കുമ്പോഴാണ് ഒരുത്തൻ കണ്ണിറുക്കി കാണിച്ച്, "ചതിക്കാൻ വേണ്ടി കൂടെ കൂടിയതാണല്ലേ?" എന്ന് ചോദിച്ചത്.

അയ്യോ ചതിക്കാനോ, ഞാനോ! എന്ന് ഉള്ളിൽ തോന്നിയെങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, വെറുതെ ഒന്നു ചിരിച്ചു. അവന് അങ്ങനെയൊരു സംശയമുണ്ടെങ്കിൽ, അത് സിനിമയ്ക്ക് ഗുണം ചെയ്യുമെങ്കിൽ നമ്മളെന്തിന് പറയണം 'അല്ല' എന്ന്? അതാണ് ജോർജുകുട്ടിയുടെ ഒരു അവസ്ഥ! അയാൾക്കൊപ്പം ആര് സ്നേഹത്തോടെ ഇടപഴകിയാലും, കരുണയോടെ കൂടെ നടന്നാലും പ്രേക്ഷകർക്ക് മുഴുവൻ സംശയമാണ്—ഇയാൾക്ക് എന്തോ ദുഷ്ടലാക്ക് ഉണ്ടല്ലോ എന്ന്! ഇല്ല, ഞാൻ ജോർജ് കുട്ടിയെ ചതിക്കുന്നില്ല. സത്യത്തിൽ, നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ.....

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News