‘ജന നായകൻ’ റിലീസിന് വിജയ്‌യുടെ കർശന നിർദേശം; ടിക്കറ്റിന് അമിത നിരക്ക് അനുവദിക്കില്ല

റിലീസിന് മുന്നോടിയായി തിയേറ്ററുകൾക്ക് മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ ലൈസൻസ് വരെ റദ്ദാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

Update: 2026-07-08 10:24 GMT

ചെന്നൈ: വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ജന നായകൻ’ റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ താരം പ്രത്യേക നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ട്. അമിത ടിക്കറ്റ് നിരക്ക്, ബെനിഫിറ്റ് ഷോകളുടെ പേരിലുള്ള അധിക ഈടാക്കൽ എന്നിവ ഒഴിവാക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ റിലീസിനിടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകരുതെന്നാണ് വിജയ് ആഗ്രഹിക്കുന്നത്. ചെറിയ വിവാദങ്ങൾ പോലും സിനിമയെക്കാൾ വലിയ ചർച്ചയാകാമെന്നും അത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Advertising
Advertising

ഇതിന്റെ ഭാഗമായി തിയേറ്ററുകളിലെ ടിക്കറ്റ് വിൽപ്പന അധികൃതർ കർശനമായി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകാനും, ഗുരുതര നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയങ്ങളിൽ വൻ ആരാധക തിരക്കാണ് പതിവ്. ഇതോടെ പല സ്ഥലങ്ങളിലും കരിഞ്ചന്തയും ഉയർന്ന ടിക്കറ്റ് നിരക്കും മുമ്പ് വിവാദമായിട്ടുണ്ട്. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News