ഴാങ് ലൂക് ഗൊദാര്‍ദ്; 'നവതരംഗ സിനിമയുടെ തമ്പുരാൻ'

ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ് തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള സിനിമാക്കാരൻ

Update: 2022-09-13 14:44 GMT
Editor : abs | By : Web Desk

 ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ് തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് ഴാങ് ലൂക് ഗൊദാര്‍ദിന്. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ സിനിമക്കാരന്‍ തന്റെ 91-ാം വയസിൽ ഫ്രെയിമുകളുടെ ലോകത്ത് നിന്നും യാത്ര പറഞ്ഞു.  ലോകസിനിമക്ക് മികച്ച ക്ലാസിക്കുകൾ സംഭാവന ചെയ്താണ് ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്‍ വിട വാങ്ങുന്നത്.

'എ വുമൺ ഈസ് എ വുമൺ', 'ദി ലിറ്റിൽ സോൾജിയർ', 'ദ റൈഫിൾമാൻ', 'ബാൻഡ് ഓഫ് ഔട്ട്‌സൈഡേഴ്‌സ്', 'മാസ്‌കുലൈൻ ഫെമിനിൻ' എന്നിവയുൾപ്പെടെ 1960-കളിൽ അദ്ദേഹം ഫ്രഞ്ച് ഭാഷയിൽ ഒരു ഡസനിലധികം ന്യൂ വേവ് ഫീച്ചർ ഫിലിമുകൾ നിർമ്മിച്ചു. 'സിനിമയുടെ ശക്തിയും ദൗർബല്യവും എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായി അറിയുന്ന വ്യക്തിത്വമായിരുന്നു ഗോദാർദ്.

Advertising
Advertising

1930 ഡിസംബര്‍ 3ന് പാരീസിലെ ധനികമായ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ഗൊദാർദിന്റെ ജനനം. പിതാവ് റെഡ്‌ക്രോസില്‍ ഡോക്ടറായിരുന്നു. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാര്‍ദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1950-ല്‍ പാരീസിലെ സോര്‍ബണ്‍ യുണിവേഴ്‌സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി. ഇതിനിടയില്‍ ഫിലിം ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.

'ന്യൂവേവ് സ്‌കൂള്‍'

തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു ഗൊദാർദ് കടന്നത്. സിനിമയോടുള്ള ആഴത്തിലുള്ള അറിവും സ്‌നേഹവും ഉള്ള ഒരു സ്ഥലത്ത് നിന്നാണ് അദ്ദേഹം വരുന്നതു കൊണ്ടുതന്നെ സംവിധായകനാകുന്നതിന് മുമ്പ്, അദ്ദേഹം ഒരു തീക്ഷ്ണ സിനിമാപ്രേമിയായിരുന്നു, പലപ്പോഴും കൂട്ടുകാരുമൊത്ത് പങ്കെടുത്ത ക്ലബ്ബുകളിൽ ഒരേ സിനിമ ഒരു ദിവസം നിരവധി തവണ കാണാറുണ്ടായിരുന്നു.

ഫ്രഞ്ച് 'നവതരംഗ സിനിമ'യുടെ സ്വാധീനവലയത്തില്‍ 1960-ല്‍ നിര്‍മിച്ച ആദ്യ ഫീച്ചര്‍സിനിമ ബ്രത്ത്‌ലസ് (A bout de souffle) ആണ്. വിശ്വസിനിമയിലെ നാഴികക്കല്ലുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഗൊദാര്‍ദിന് ചലച്ചിത്രകാരനെന്ന നിലയില്‍ പ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത് . ത്രൂഫോ കഥയൊരുക്കി സംവിധാനം നിര്‍വഹിക്കാനൊരുങ്ങിയ ചിത്രമായിരുന്നു ഇത്. അദ്ദേഹമത് പാതിവഴിയിലുപേക്ഷിച്ചപ്പോള്‍ സഹയാത്രികനായിരുന്ന ഗൊദാര്‍ദ് അതേറ്റെടുക്കുകയായിരുന്നു. കൃത്യമായ തിരക്കഥപോലുമുണ്ടായിരുന്നില്ല ചിത്രീകരണത്തിന്. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം. ലൊക്കേഷനിൽ വെച്ച് തന്നെ അദ്ദേഹം തിരക്കഥയെഴുതി. ചിത്രീകരണ സമയത്ത് തന്നെ അദ്ദേഹം എഴുതിത്തീർത്തു. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളായിരുന്നു. 'ന്യൂവേവ് സ്‌കൂള്‍' സംവിധാനശൈലിയുടെ തുടക്കമായിട്ടാണിത് ഈ ചിത്രം വാഴ്ത്തപ്പെടുന്നത്. കാന്‍-ബെര്‍ലിന്‍ മേളകളില്‍ ഇത് സമ്മാനിതമായി.


പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചായിരുന്നു. എ വുമൺ ഈസ് എ വുമൺ (1969) ആദ്യത്തെ വർണചിത്രം. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്‌കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ 1968-ൽ അദ്ദേഹവും സംവിധായകൻ ക്ലോഡ് ലെലോച്ചും ചേർന്ന് ഫ്രാൻസിൽ ഉടനീളം പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി. ആ വർഷം, സോവിയറ്റ് സംവിധായകന് ശേഷം ഡിസിഗ വെർട്ടോവ് ഗ്രൂപ്പ് എന്ന പേരിൽ ഒരു സിനിമാ കൂട്ടായ്മ രൂപീകരിച്ച് ഗോദാർഡ് സോഷ്യലിസം സ്വീകരിച്ചു. 1970 കളുടെ തുടക്കത്തിൽ ഈ കൂട്ടായ്മ പിരിച്ചുവിടുന്നതിനുമുമ്പ് അര ഡസനോളം സിനിമകൾ നിർമ്മിക്കപ്പെട്ടു.

എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.  കിങ്ലിയർ, ഹിസ്റ്ററി ഓഫ് സിനിമ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 

പരീക്ഷണങ്ങളുടെ ആചാര്യന്‍

രാഷ്ട്രീയസിനിമകള്‍ക്ക് യഥാര്‍ഥ ദിശാമുഖം സമ്മാനിച്ചവയായിരുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍. സിനിമ തന്നെ രാഷ്ട്രീയമായി നിർമിക്കപ്പെടുക എന്ന് വാശിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരേസമയം ഭൗതികവാദിയും കാല്പനികനും മാര്‍ക്‌സിസ്റ്റും അരാജകവാദിയുമൊക്കെയായിരുന്ന ഗൊദാര്‍ദ് ചലച്ചിത്രഭാഷയിലെ വ്യവസ്ഥാപിതത്വങ്ങളെ തകിടംമറിച്ചു. കൂടുതൽ അണിയറ പ്രവർത്തകർ, സ്റ്റോറിബോർഡ് എന്നിവയെ ആശ്രയിച്ച് വലിയ സ്റ്റുഡിയോയിലുള്ള സിനിമ, പാരമ്പര്യത്തിൽ നിന്നുള്ള മാറ്റമായിരുന്നു ഗൊദാർദ് കാലം. ഒരു കഥയ്ക്ക് ഒരു തുടക്കവും മധ്യവും അവസാനവും ഉണ്ടായിരിക്കണം, പക്ഷേ ആ ക്രമത്തിലായിരിക്കണമെന്നില്ല,'' ഗോദാർഡ് ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്.


ഗൊദാര്‍ദിയന്‍ സിനിമകള്‍ക്ക് പലപ്പോഴും പല സ്വഭാവമായിരുന്നു. സാമ്രാജ്യത്വവിരുദ്ധ കാഴ്ചക്കോണുകള്‍, മാവോയിസം ആത്മകഥാപരം അങ്ങനെ സിനിമകള്‍ കാലത്തിനനുസരിച്ച് സംസാരിച്ചുകൊണ്ടിരുന്നു. സിനിമകള് എല്ലാം തമ്മില്‍ തമ്മില്‍ വ്യത്യസ്തങ്ങളും തനതുമായിരുന്നു. ജംപ് കട്ടുകളും ചിത്രസന്നിവേശ നൈരന്തര്യവുമൊക്കെ കാവ്യാത്മകമായി സിനിമയിലുപയോഗിക്കാന്‍ പഠിപ്പിച്ചത് ഗൊദാര്‍ദാണ്. വിമര്‍ശനത്തിനുള്ള ഒരു അധിക സാധ്യതയായിട്ടാണ് അദ്ദേഹം സിനിമയെ കണ്ടത്. ചലച്ചിത്രഘടനയെ പുനര്‍നിര്‍വചിക്കുവാനാണ് ഏറെയും താത്പര്യം കാണിച്ചിരുന്ന സംവിധായകന്. മുന്‍കൂട്ടിയുള്ള ഒരു ഷൂട്ടിങ് സ്‌ക്രിപ്റ്റില്ലാതെ, യഥാര്‍ഥ ലൊക്കേഷനുകളിലായിരുന്നു ഗൊദാര്‍ദ് തന്റെ സിനിമകളേറെയും ചിത്രീകരിച്ചത്. തന്നെക്കുറിച്ചുതന്നെ അദ്ദേഹമൊരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു-Self Portrait in December. അത് തന്റെതന്നെയൊരു ആത്മപരിശോധനയാണെന്നാണദ്ദേഹം അവകാശപ്പെടുകയും ചെയ്തു. 


പ്രധാന സിനിമകള്‍

Breathles-(1960), A Woman is a Woman(1961), My Life to Live(1962), Contempt (1963), Alphaville (1964), L`Amore(1967), La Chinoise(1967), Weekend(1967), Wind from the East (1970), Tout va Bien -(1972), Every Man for Himself (1980), Passion (1982), Prenome Carmen (1983), Hail Mary (1985), King Lear (1987), Germany Year Nine Zero- (1991), For Ever Mozart-(1996), Film Socialism (2010), Goodbye to Language(2014).


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News