കണ്ണുനിറയ്ക്കുന്ന പ്രകടനവുമായി ജോജു ജോർജ്

'വോയിസ് ഓഫ് സത്യനാഥനി'ലാണ് സ്‌ക്രീനിൽ അമ്പരപ്പിക്കുന്ന അഭിനയ മികവുമായി ജോജു തിളങ്ങിയത്.

Update: 2023-07-30 07:16 GMT

കൊച്ചി: മുഴുനീള ചിരിക്കിടയിൽ പ്രേക്ഷകന്‍റെ കണ്ണുനിറക്കുന്ന ഇമോഷണൽ പ്രകടനവുമായി ജോജു ജോർജ്. ഏറ്റവും പുതിയ ദിലീപ് സിനിമ 'വോയിസ് ഓഫ് സത്യനാഥനി'ലാണ് സ്‌ക്രീനിൽ അമ്പരപ്പിക്കുന്ന അഭിനയ മികവുമായി ജോജു തിളങ്ങിയത്.

സ്വന്തം നാവിൻറെ കുരുത്തക്കേടുകളുമായി ജയിലെത്തുന്ന സത്യനാഥനെ കാത്തിരിക്കുന്നത് അതിലും വലിയ ജീവിതാനുഭവങ്ങളുമായി അവിടെ വിധി കാത്തുകഴിയുന്ന ബാലൻ എന്ന ജോജു കഥാപാത്രമാണ്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ആകെത്തുക. ജൂനിയർ ആര്‍ട്ടിസ്റ്റിൽ നിന്ന് സ്വന്തം കഴിവും കഠിനധ്വാനവും കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു ജോർജ്, മനസ്സിൽ നിന്ന് മായാത്ത കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന കഥാപാത്രമാണ് സത്യനാഥനിലെ ബാലൻ.

ചിത്രത്തിന്റെ ആദ്യ പകുതിയിൽ കോമഡിയിൽ ചിരിച്ച മലയാളികൾക്കിടയിലേക്ക് ജോജു തന്റെ 'റഫ് ആൻഡ് ടഫ്' കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അലോസരപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ട് ഓരോരുത്തരുടെയും കണ്ണ് നിറയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. സത്യനാഥന്റെ വായിൽ നിന്ന് വീഴുന്ന വാക്കുകള്‍ കേട്ട് ചിരിച്ചവര്‍ ഒരിക്കലെങ്കിലും ഈ ചിത്രം കണ്ടു കണ്ണുനീരൊപ്പിയെങ്കിൽ അത് ജോജു തന്റെ കഥാപാത്രത്തിനോട് പുലർത്തിയ മികവു തന്നെയാണ്. സിനിമ കണ്ട ആരും മറക്കില്ല സത്യനാഥന്റെ ബാലേട്ടനെ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News