ജനങ്ങള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാര്‍: കങ്കണ റണാവത്ത്

"ഞാന്‍ എന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായല്ല. രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവെക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്"

Update: 2021-09-09 16:11 GMT
Editor : Roshin | By : Web Desk

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി റീലീസിനെത്തിയിരിക്കുകയാണ്. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത്. ഇപ്പോള്‍ ചിത്രത്തിലെ നായികയെപ്പോലെ താനും നാളെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കാമെന്ന സൂചനയാണ് കങ്കണ ഇപ്പോള്‍ നല്‍കുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ പല വിഷയങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെ കങ്കണ നിരവധി തവണ വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. "ഞാന്‍ ഒരിക്കലും ഒരു ദേശീയവാദിയല്ല. ഞാന്‍ എന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായുമല്ല. രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവെക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്. തല്‍ക്കാലം നടി എന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ നാളെ ജനങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്തോഷമേയുള്ളൂ." കങ്കണ പറഞ്ഞു.

Advertising
Advertising

ജയലളിതയുടെ ജീവിതത്തിലൂന്നിയ കഥയാണ് തലൈവി പറയുന്നതെന്നും പുരുഷമേധാവിത്വ സമൂഹത്തിന്‍റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സിനിമ വിവാദങ്ങളിലൂടെ കടന്നുപോകാതിരുന്നതിന് സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുവെന്നും തമിഴ്നാട്ടിലെ ഭരണകക്ഷിക്കുപോലും ഈ സിനിമയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കങ്കണ പറഞ്ഞു.

എ.എല്‍ വിജയ് സംവിധാനം ചെയ്ത് കങ്കണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് തലൈവി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തീയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കങ്കണക്കൊപ്പം അരവിന്ദ് സ്വാമി, ഷംന കാസിം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News