ആശിര്‍വാദില്‍ 'കേരള സ്റ്റോറി'യില്ല; മോഹന്‍ലാലിനെതിരെ സംഘ്പരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചാരണം

ഹിന്ദു പാര്‍ലമെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Update: 2023-05-07 14:31 GMT
Advertising

ആശിര്‍വാദിന്‍റെ മള്‍ട്ടിപ്ലക്സുകളില്‍ 'ദി കേരള സ്റ്റോറി' എന്ന സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ അനുകൂലികള്‍. നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനറായിരുന്ന ഹിന്ദു പാര്‍ലമെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

"സമൂഹത്തിനു മാതൃകയാകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. സ്വാര്‍ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നു"- എന്നാണ് സി.പി സുഗതന്‍ പ്രതികരിച്ചത്.

"ഉറഞ്ഞു തുള്ളിയ തീവ്രവാദികളെ ഭയന്ന് തന്റെ ഉടമസ്ഥതയിലുള്ള 30 തിയേറ്ററുകളിൽ ഒരെണ്ണത്തിൽപ്പോലും ദി കേരളാ സ്റ്റോറി എന്ന സമകാലീന സിനിമ പ്രദർശിപ്പിക്കാത്ത ഇയാളുടെ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി എത്രയും പെട്ടെന്ന് പിൻവലിക്കപ്പെടേണ്ടത് തന്നെയാണ്"- എന്നാണ് മറ്റൊരാളുടെ കമന്‍റ്.

'ഇയാള്‍ ഹിന്ദു അല്ല', 'ജിഹാദികള്‍ പിണങ്ങിയാല്‍ കേണലിന്‍റെ കച്ചവടം പൂട്ടും, 'ഇനി മുതൽ മോഹൻലാലിൻറെ ഒരു സിനിമയും തിയേറ്ററിൽ പോയി കാണില്ലെന്ന് ബി.ജെ.പി തീരുമാനിച്ചാൽ അവിടെ തീരും അയാളുടെ അഭിനയ ജീവിതം' എന്നിങ്ങനെയുള്ള വിദ്വേഷ കമന്‍റുകളും മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കാണാം.

അതേസമയം കേരളത്തിലെ ബോക്സ്ഓഫീസുകളില്‍ ചലനമുണ്ടാക്കാന്‍ കേരള സ്റ്റോറിക്ക് കഴിഞ്ഞില്ല. കലക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെബ്സ്റ്റൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര- 2.78 കോടി, കര്‍ണാടക-0.5 കോടി, ഉത്തര്‍പ്രദേശ്- 1.17 കോടി, ഗുജറാത്ത്-0.8 കോടി, ഹരിയാന -0.55 കോടി എന്നിങ്ങനെയാണ് കലക്ഷന്‍.

കേരളത്തില്‍ 20 തിയറ്ററുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്. ഇതോടെ വൈകിട്ട് 6.30ഓടെ സിനിമ കാണാനെത്തിയ ബി.ജെ.പി നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ പ്രദര്‍ശനം നടത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News