'ഹനുമാൻജിക്ക് ലെതർ വസ്ത്രം, ഹിന്ദു ദേവന്മാരുടെ വസ്ത്രവും രൂപവുമല്ലിത്'; 'ആദിപുരുഷി'നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ടീസർ-ട്രെയിലർ വീഡിയോക്കെതിരെ വലിയ പരിഹാസങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ചിത്രത്തിലെ വി.എഫ്.എക്സിനെ ലക്ഷ്യമിട്ടായിരുന്നു ട്രോളുകളിധികവും

Update: 2022-10-04 11:22 GMT
Advertising

ഭോപ്പാൽ: പ്രഭാസ് നായകനാകുന്ന രാമായണം ആസ്പദമാക്കിയുള്ള 'ആദിപുരുഷി'നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഹിന്ദു ദേവീദേവന്മാരുടെ കഥാപാത്രങ്ങളെ യഥാർഥ രീതിയിലല്ല ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച മന്ത്രി പ്രസ്താവന നടത്തിയത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെയാണ് തെറ്റായ രീതിയിലുള്ള ഈ ചിത്രീകരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കൂടിയായ നരോത്തം മിശ്ര വ്യക്തമാക്കിയിരിക്കുന്നത്.

'ആദിപുരുഷിന്റെ ട്രെയിലർ ഞാൻ കണ്ടു, അതിൽ എതിർക്കപ്പെടേണ്ട രംഗങ്ങളുണ്ട്. ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും യഥാർത്ഥ വിധത്തിലല്ല ആവിഷ്‌കരിച്ചിരിക്കുന്നത്' സംസ്ഥാന സർക്കാറിന്റെ വക്താവ് കൂടിയായ അദ്ദേഹം പറഞ്ഞു.

'ഹനുമാൻജി ധരിച്ചിരിക്കുന്നത് ലെതറാണ്. പുരാണങ്ങളിലുള്ള വസ്ത്രധാരണ രീതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുകയാണ്. ഇത്തരം രംഗങ്ങൾ നീക്കം ചെയ്യാൻ ഞാൻ സംവിധായകൻ ഓം റൗത്തിന് കത്തെഴുതും. അവ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും' മിശ്ര വ്യക്തമാക്കി. തന്റെ വാദം ന്യായീകരിക്കാനായി പുരണത്തിലെ ഉദ്ധരണികളും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല, മധ്യപ്രദേശ് ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹം സിനിമാ സംവിധായകർക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ 'കാളി' ഡോക്യുമെൻററിയുടെ പോസ്റ്ററിന്റെ പേരിൽ ലീന മണിമേഖലയ്‌ക്കെതിരെ കേസെടുക്കാൻ മിശ്ര പൊലീസിന് നിർദേശം നൽകിയിരുന്നു.

ശ്രീരാമനായി പ്രഭാസ് അഭിനയിക്കുന്ന ചിത്രം ഓം റൗത്താണ് സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാൻ രാവണനായും ക്രിതി സനൻ സീതയായും അഭിനയിക്കുന്നു. രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ആദ്യ ടീസർ-ട്രെയിലർ പുറത്തു വന്നതോടെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

ഗ്രാഫിക്‌സ്; ടീസർ വീഡിയോക്കെതിരെ വലിയ പരിഹാസങ്ങളും ട്രോളുകളും

'ആദിപുരുഷി'ലെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്ന ടാഗ്ലൈനിൽ രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ടീസർ പുറത്തായതിന് പിന്നാലെ ടീസർ വീഡിയോക്കെതിരെ വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് ഉയർന്നത്. ചിത്രത്തിലെ വി.എഫ്.എക്‌സിനെ ലക്ഷ്യമിട്ടാണ് ട്രോളുകളിധികവും. കാർട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്‌സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകർ പറയുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്റെ ഗെറ്റപ്പിനെയും ആരാധകർ വിമർശന വിധേയമാക്കുന്നുണ്ട്. നടൻ അവതരിപ്പിക്കുന്നത് രാവണനെയാണോ ഡ്രാക്കുളയെയാണോയെന്നും ചില ആരാധകർ സംശയം പ്രകടിപ്പിച്ചു. ടീസർ വീഡിയോയും കുട്ടികളുടെ കാർട്ടൂൺ സംഭാഷണവും ചേർത്തുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടീസറിനെതിരെ ട്വിറ്ററിലും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

 

ചിത്രത്തിന്റെ വി.എഫ്.എക്‌സിനെതിരായ വിമർശനം സമൂഹ മാധ്യമങ്ങളിൽ കടുത്തതോടെ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ചെയ്തുവെന്ന് പ്രചരിക്കപ്പെടുന്ന അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി.എഫ്.എക്‌സ് കമ്പനി എൻ.വൈ വി.എഫ്.എക്‌സ് വാല വ്യക്തത വരുത്തി പത്രകുറിപ്പ് പ്രസിദ്ധീകരിച്ചു. ഫിലിം അനലിസ്റ്റ് ആയ തരൺ ആദർശാണ് എൻ.വൈ വി.എഫ്.എക്‌സ് വാലയുടെ പ്രസ്താവന പങ്കുവെച്ചത്. തങ്ങൾ ആദിപുരുഷ് എന്ന സിനിമയുടെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിലോ സ്‌പെഷ്യൽ എഫക്ട്‌സ് വിഭാഗത്തിലോ ഭാഗമായിട്ടില്ലെന്നും ചില മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ചോദിച്ച് രംഗത്തുവന്നതുകൊണ്ടാണ് ഇതിൽ വ്യക്തത വരുത്തുന്നതെന്നും എൻ.വൈ വി.എഫ്.എക്‌സ് വാല പ്രസ്താവനയിൽ അറിയിച്ചു.

ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ടീസർ കഴിഞ്ഞ ദിവസം അയോധ്യയിൽ വെച്ചാണ് റിലീസ് ചെയ്തത്. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തൻഹാജി; ദ അൺസങ് വാരിയറിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആദിപുരുഷ്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ 250 കോടിയും വി.എഫ്.എക്‌സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് ചിത്രത്തിലെ പ്രഭാസിൻറെ പ്രതിഫലം. ടീ സീരീസ്, റെട്രോഫൈലിൻറെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2023 ജനുവരിയിൽ തെലുഗ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.

'ആദിപുരുഷിന്' പ്രതിഫലമായി 150 കോടി നിശ്ചയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ് മാറിയിരുന്നു. സൽമാൻ ഖാനെയും അക്ഷയ് കുമാറിനെയുമാണ് പ്രഭാസ് പ്രതിഫല കാര്യത്തിൽ മറികടന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് പ്രഭാസിനെ സൂപ്പർ താരമായി ഉയർത്തിയത്. ബാഹുബലിക്ക് പുറകെ പ്രഭാസ് നായകനായ 'സഹോ' പുറത്തിറങ്ങിയെങ്കിലും മുൻ ചിത്രത്തിന്റെ അത്ര വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. 'സഹോ'-ക്ക് 30 കോടി രൂപയായിരുന്നു പ്രഭാസ് വാങ്ങിയിരുന്നത്.

Madhya Pradesh Home Minister Narottam Mishra has said that legal action will be taken against Adi Purush

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News