ഞാന്‍ ആരോടും പത്ത് പൈസ പോലും ചോദിച്ചിട്ടില്ല, എനിക്ക് പിരിവ് വേണ്ട; വ്യാജവാര്‍ത്തകള്‍ക്കെതിരെ നടി പൗളി വത്സന്‍

ദയവു ചെയ്ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്

Update: 2021-05-28 04:05 GMT
Editor : Jaisy Thomas | By : Web Desk

തനിക്കും ഭര്‍ത്താവിനും കോവിഡാണെന്നും ചികിത്സാ സഹായം തേടിയെന്നും തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി പൗളി വത്സന്‍. താന്‍ ആരോടും പത്ത് പൈസ പോലും ചോദിച്ചിട്ടില്ലെന്നും നന്നായി ജോലി ചെയ്യുന്നുണ്ടെന്നും പൗളി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. നടി പൗളി വത്സനും കുടുംബവും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടി നടിയെ സഹായിക്കണമമെന്നും പൌളിയുടെ ഗൂഗിള്‍ പേ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രചരിച്ചിരുന്നു.

പൗളി വത്സന്‍റെ വാക്കുകള്‍

Advertising
Advertising

എനിക്ക് കോവിഡ് ആണ്. എന്‍റെ ഭര്‍ത്താവിനും കോവിഡ് വന്നു. പുള്ളി ഡയാലിസിസ് പേഷ്യന്‍റ് ആയതുകൊണ്ട് കുറച്ച് സീരിയസ് ആയി. അദ്ദേഹം ആശുപത്രിയിലാണ്. ഐസിയുവില്‍ തന്നെയാണ്. ഞാന്‍ ആരോടും പത്ത് പൈസ പോലും ആ പേര് പറഞ്ഞ് ചോദിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ ജോലി ചെയ്ത കാശ് തന്നെ എനിക്ക് കിട്ടാനുണ്ടായിരുന്നു.

അസുഖമാണെന്നറിഞ്ഞ് ആ പണമെല്ലാം എന്‍റെ അക്കൗണ്ടിലേക്ക് വന്നു. പിന്നെ ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഇല്ലല്ലോ. അതു മാത്രമല്ല, ഞാന്‍ ഒരിക്കലും ഒരാളോടും സഹായം ചോദിക്കുന്ന ആളല്ല. എന്നെ വ്യക്തിപരമായി സഹായിക്കാന്‍ ഒരുപാട് പേരുണ്ട്. ഇത് എങ്ങനെ വന്നെന്ന് എനിക്കറിയില്ല. സ്‌നേഹം കൊണ്ടായിരിക്കും ആളുകള്‍ പൈസ ഇങ്ങനെ തന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ആവശ്യം ഇല്ല. എനിക്ക് പിരിവ് വേണ്ട. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുണ്ട്. നന്നായിട്ട് പൈസയും കിട്ടുന്നുണ്ട്.

മൂന്ന് സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഈ അസുഖം വന്നത്. അതു കഴിഞ്ഞാല്‍ ആ പടം ചെയ്തു തീര്‍ക്കാനുള്ളതാണ്. അപ്പോഴും എനിക്ക് നല്ലൊരു തുക കിട്ടാനുണ്ട്. എന്റെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങളും അതിനനുസരിച്ചുള്ള പ്രതിഫലവും എനിക്ക് കിട്ടുന്നുണ്ട്. സിനിമക്കാര്‍ ആരും എന്നെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. ഞാന്‍ പിരിവിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്. നൂറും ഇരുനൂറുമൊക്കെയായി എന്റെ അക്കൗണ്ടിലേക്ക് പൈസ വന്നു കൊണ്ടിരിക്കുകയാണ്.

എനിക്ക് അതില്‍ ഭയങ്കര ബുദ്ധിമുട്ടുണ്ട്. എന്റെ ഭര്‍ത്താവിനെ നോക്കേണ്ടത് എന്റെയും എന്റെ മക്കളുടെയും കടമയല്ലേ. എന്നെ വ്യക്തിപരമായി സഹായിച്ച ഒരാളുടെ കൈയില്‍ നിന്നും പുറത്തുപോയതാണ് ഗൂഗിള്‍ പേ നമ്പരും അക്കൗണ്ട് വിവരങ്ങളും. അറിയാതെ സംഭവിച്ചതാണ്. അവര്‍ക്കും അതൊരു ബുദ്ധിമുട്ട് ആയി. ദയവു ചെയ്ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്.

ഗൂഗിള്‍ പേയിലൂടെ കിട്ടിയ മുഴുവന്‍ പൈസയും ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്. ബാങ്ക് വഴി അയച്ച എല്ലാവരുടെയും വിവരങ്ങള്‍ കിട്ടുന്നില്ല. അങ്ങനെ അയച്ചവര്‍ എന്നെ അറിയിക്കുക. ആ പൈസ ഞാന്‍ തിരിച്ചുതരാം. ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഒരേപോലെ തന്നെയാണ് ബുദ്ധിമുട്ട്. ഇത് സത്യസന്ധമായ വാക്കാണ്. ഞാന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ല.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News